തിരുവനന്തപുരം: വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം വീതം കഠിന തടവും വിധിച്ചു. തമിഴ്നാട് തൂത്തുകുടി വില്ലേജിൽ തൂത്തുക്കുടി താലൂക്കിൽ നാലാം തെരുവിൽ ഭൂപാലരായർപൂരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ പാണ്ടിപ്പാറ മണിച്ചിറക്കൽ വീട്ടിൽ ബിനോയ് തോമസ് (50),ഇടുക്കി ജില്ലയിൽ തങ്കമണി വില്ലേജിൽ കൽവരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറയിൽ ടി.എൻ.ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
6.360 കിലോ ഹാഷിഷ് ഓയിൽ വിൽപ്പനക്കായി ഉല്ലാസ് എന്ന ആളുടെ പക്കൽ നിന്നും മൂന്നാം പ്രതി ഗോപി രണ്ടാം പ്രതിയുടെ നിർദേശപ്രകാരം വിൽപ്പനക്കായി വാങ്ങി സൂക്ഷിച്ചു. ഇത് 2018 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപാസ് റോഡിൽ കല്യാൺ സിൽക്സ് എന്ന സ്ഥാപനത്തിൻറെ പാർക്കിങ് ഏരിയയുടെ എതിർവശം വെച്ച് മാലിദ്വീപ്കാർക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി ബിനോയ് തോമസ്, ടി.എൻ.ഗോപി എനിനവർ ഹാഷിഷ് ഓയിൽ കൊണ്ടുവന്നു. ഇത് വാങ്ങുവാൻ വന്ന ആന്റണി റോസാരി റൊണാൾഡോ അടക്കമുള്ളവരെ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്യുമ്പോൾ തിരുവനന്തപുരം എക്സൈസ് സർക്കിൾ ആയിരുന്ന ടി.അനികുമാർ (റിട്ടയേർഡ് അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ) അറസ്റ്റ് ചെയ്തു.
തുടർന്ന് തിരുവനന്തപുരം അസി. എക്സൈസ് കമീഷണർ ( എൻഫോഴ്സ്മെന്റ്) ആയിരുന്ന എ.ആർ. സുൽഫിക്കർ പ്രതികൾക്ക് എതിരെ 180 ദിവസത്തിനുള്ളിൽ കമ്പ്ലൈന്റ് ഫയൽ ചെയ്തു. ഒന്നും രണ്ടും പ്രതികൾ ആറ് വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്നാം പ്രതിക്ക് അഞ്ച് വർഷത്തിന് ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതൽ രേഖകളും മാർക്ക് ചെയ്തു. കോടതി നേരിട്ട് 11 രേഖകളും വരുത്തി പരിശോധിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയം പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിൽ ഉൾപ്പെട്ട 6,72,500 രൂപയും കേസിലേക്ക് കണ്ടു കെട്ടണം എന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരി വെച്ചു. ഈ കേസിൽ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകൾ സൂക്ഷിക്കുവാനും കോടതി ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.