അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി സ്വകാര്യ സ്ഥാനപനത്തിന് കരാർ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകി. അടിമ തുല്യം ജീവിച്ചിരുന്ന ആദിവാസികളെ പുനരധിവാസത്തിന് രൂപീകരിച്ച അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ (എ.സി.എഫ്. എസ്) ഭൂമിയിലാണ് കരാർ ഉറപ്പിച്ചത്. എ.സി.എഫ്. എസുമായി ബന്ധപ്പെട്ട എൽ.എ ഹോംസ് എന്ന സ്ഥാപനവുമായി എ.സി.എഫ്. എസ് മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജാണ് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി കരാർ ഒപ്പിട്ടത്. കരാർ ഒപ്പിടുന്ന കാലത്ത് ജെറോമിക് ജോര്‍ജ് അട്ടപ്പാടി നോഡല്‍ ഓഫീസറായിരുന്നു. 2019 ഫെബ്രുവരി എട്ടിന് കരാർ ഒപ്പിട്ട വിവരം ഫാമിൽ പട്ടയം ലഭിച്ച ആദിവാസികൾപോലും അറിഞ്ഞിട്ടില്ല.

ഭൂരഹിതരായ പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കാനായി 1975-ലാണ് എ.സി.എഫ്.എസ്. ആരംഭിച്ചത്. 2,730 ഏക്കർ സ്ഥലത്തായി ഓര്‍ഗാനിക് ഏലം, കാപ്പി, ഓറഞ്ച്, തെങ്ങ്, ചെറുനാരങ്ങ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മത്സ്യകൃഷി തുടങ്ങിയവും കൃഷി ചെയ്യുന്നുണ്ട്. വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര എന്നീ ഫാമുകൾ ഉൾക്കൊള്ളിച്ചാണ് പരിസ്ഥിതിസൗഹാർദമായ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത്. പുതിയ ടൂറിസം പദ്ധതി വരുന്നതോടെ ആദിവാസികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ആദിവാസി ഭൂമി സർക്കാർ ഉദ്യോഗസ്ഥരുടെ തന്തേടെ വകയല്ലെന്നാണ് ആദിവാസികളുടെ പ്രതികരണം.

എ.സി.എഫ്. എസിന് കീഴിലുള്ള നാലു ഫാമുകളിലിലൊന്നായ വരടിമലയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെയാണ് ആദിവാസികൾ വിവരം അന്വേഷിച്ചു തുടങ്ങിയത്. കോട്ടേജുകളുടെ പുനരുദ്ധാരണത്തിനായി അവ വൃത്തിയാക്കുകയും അവയുടെ ഡിജിറ്റൽ മെഷർമെൻറ് എടുക്കുകയും ചെയ്​തു. പ്രകൃതി സൗഹൃദ ഡിസൈനിൽ അന്തിമ തീരുമാനമെടുത്തു. ജലസേചന ആവശ്യങ്ങൾക്കും മീൻ വളർത്തുന്നതിനും ഭാവിയിലെ ടൂറിസം പ്രോജക്റ്റിൻെറ ഭാഗമായും വലിയ വിസ്തീർണമുഉള്ള ഒരു കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കോട്ടേജുകളുടെ ചുറ്റുപാടും വൈദ്യുതിവേലി നിർമിക്കുന്നതിന് നടപടികൾ നടപടികളും സ്വീകരിച്ചു.

ഫാം ടൂറിസത്തിൻ്റെ ഭാഗമായുള്ള ജോലികൾക്കായി മുപ്പതോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച ഇൻറർവ്യൂ നടത്തി. മൂന്ന് തസ്തികയിലേക്ക് (അക്കൗണ്ടൻറ്, ഡ്രൈവർ എന്നിവ) ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമ നടപടികൾ തുടങ്ങി. വരടിമല ഫാമിൽ ഔഷധസസ്യങ്ങളുടെ കൃഷിക്കും ഉത്പാദനത്തിനുമുള്ള നടീൽ പുരോഗമിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ചികിത്സാസമ്പ്രദായം നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാകേന്ദ്രത്തിൻെറ പുനരുദ്ധാരണം പ്രവർത്തനങ്ങളും ആരംഭിച്ചു.

ചിണ്ടക്കി ഫാമിനോട് ചേർന്നുള്ള കുളത്തിൽ മീൻ വളർത്തുന്നതിനും അതിനോട് ചേർന്നുള്ള പൊളിഞ്ഞു കിടക്കുന്ന ഭാഗം നവീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തി തുടങ്ങി. ഫാം ടൂറിസത്തിൻെറ ഭാഗമായി ആടുമാടുകളെ വളർത്തുകയും ഉപയോഗിത്തുന്നതിനാവശ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളു തുടങ്ങി. ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സ്വകാര്യ സ്ഥാപനമാണ്.

കരാർ പ്രകാരം എ.സി.എഫ്. എസിൻെറ നിയന്ത്രണത്തിലുള്ള ആദിവാസി ഭൂമിയിൽ ടൂറിസത്തിനായി പരിസ്ഥിതിക്കിണങ്ങിയ നിർമിതികൾ നടത്തുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള അവകാശം എൽ.എ. ഹോംസിനാണ്(ഡെവലപ്പർ) നൽകിയിരിക്കുന്നത്. 25 ശതമാനം ലാഭവിഹിതം കൈമാറിക്കൊണ്ട് 26 വർഷത്തേക്കാണ് പദ്ധതി ധാരണയായിരിക്കുന്നത്. ഇതിൽ ഒരു വർഷം നിർമാണകാലയളവാണ്. അഞ്ച്​ വർഷത്തിലൊരിക്കൽ ധാരണ പുതുക്കും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും സഞ്ചാരികളെയും സംരക്ഷിക്കേണ്ടത് ഡെവലപ്പറിൻെറ ചുമതലയാണ്.

എ.സി.എഫ്.എസിന്റെ കീഴിലുള്ള വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര തുടങ്ങിയ നാല്‌ ഫാമുകളിലും പദ്ധതി നടപ്പാക്കാം. മുളകൊണ്ട് നിർമിച്ച കുടിലുകൾ, ഏറുമാടം എന്നിവയിൽ താമസവും ട്രക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമാകും. ആദിവാസി പാരമ്പര്യഭക്ഷണം, ഗോത്രസംസ്കാരം, കല എന്നിവ പരിചയപ്പെടുക, വിളവെടുപ്പടക്കമുള്ള കാർഷികപ്രവർത്തനങ്ങളിൽ പങ്കാളികളാകുക, സൊസൈറ്റിയുടെ കീഴിലുള്ള ഫാമുകളും ആദിവാസി ഊരുകളും സന്ദർശിക്കുക തുടങ്ങിയവയും ഇതിലുൾപ്പെടുന്നു. ചിണ്ടക്കിയിലെ മത്സ്യക്കൃഷിയും പദ്ധതിയുടെ ഭാഗമാകും. നാല് ഫാമുകളെ ബന്ധിപ്പിച്ച് വിവിധ പാക്കേജുകൾ സഞ്ചാരികൾക്ക് നൽകും. ഒന്നിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന വിവിധ പാക്കേജുകളാകും സഞ്ചാരികൾക്ക്​ നൽകുക. ഇതുവഴി വിദേശീയരടക്കമുള്ള സഞ്ചാരികളെ അട്ടപ്പാടിയിലേക്ക് ആകർഷിക്കാനാണ് പദ്ധതി.

2018 നവംമ്പർ 28നാണ് ഇതുസംബന്ധിച്ച് അപേക്ഷ ക്ഷണിച്ചത് . എ.സി.എഫ്.എസിന്റെ നിയന്ത്രണത്തിൽ ഫാമുകളിൽ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതിയുടെ നടത്തിപ്പുചുമതല ഏറ്റെടുക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും, ഏജൻസികൾക്കും നിർദേശങ്ങൾ (റിക്വസ്റ്റ് ഫോർ പ്രപ്പോസൽ) സമർപ്പിക്കാമെന്നാണ് പരസ്യം നൽകിയത്. അട്ടപ്പാടിക്ക്‌ പുറത്തുള്ളവർക്കും അപേക്ഷ നൽകാമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. കളക്ടർ, സബ്‌ കളക്ടർ, പട്ടികവർഗ വികസന അസിസ്റ്റൻറ് ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് സൊസൈറ്റിയുടെ നിയന്ത്രണം. ഈ ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയെന്നാണ് ആദിവാസികളുടെ ആരോപണം.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.