കേരളം 2603 കോടി കൂടി കടം വാങ്ങുന്നു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം 2603 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചു. രണ്ടുദിവസം മുമ്പ് 1500 കോടി രൂപ കടമെടുത്തതിന് പിന്നാലെയാണിത്. ഒരാഴ്ചക്കിടെയുള്ള കടമെടുപ്പ് 4103 കോടിയാകും. ഈ മാസത്തെ ശമ്പള-പെൻഷൻ വിതരണവും സുഗമമാക്കാനും പദ്ധതി വിനിയോഗം മെച്ചപ്പെടുത്താനുമാണ് കടമെടുപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിലേക്ക് ഏറക്കുറെ കേരളം എത്തിക്കഴിഞ്ഞു. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ബാക്കിനിൽക്കെ കൂടുതൽ കടമെടുക്കലിന് കേരളം അനുമതിതേടും.

2,603 കോടി രൂപയുടെ കടപ്പത്ര വിൽപന ജനുവരി മൂന്നിന് മുംബൈ റിസർവ് ബാങ്കിൽ നടക്കും. തൊട്ടടുത്ത ദിവസം പണം സർക്കാറിന് ലഭിക്കും. ഡിസംബർ 28നാണ് 1500 കോടി രൂപ കടമെടുത്തത്. ശമ്പള-പെൻഷൻ വിതരണം വരുംദിവസങ്ങളിലാണ് ശക്തിപ്പെടുക. വാർഷിക പദ്ധതി വിനിയോഗം ഇപ്പോഴും ഇഴയുകയാണ്. പണത്തിന്‍റെ കുറവാണ് കാരണം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിന് സർക്കാർ തയാറെടുക്കുകയാണ്. അതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ജനുവരി 23ന് വീണ്ടും നിയമസഭ ചേരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡിസംബർ സമ്മേളനത്തിന്‍റെ തുടർച്ചയായാകും സമ്മേളനം. 24നോ 25നോ ബജറ്റ് അവതരിപ്പിച്ചേക്കും. പൊതുചർച്ചക്ക് ശേഷം ഫെബ്രുവരി അവസാനത്തോടെ വീണ്ടും ചേർന്ന് ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. വരുമാന വർധനക്ക് കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരും. കോവിഡ് കാലത്തെ തകർച്ചയിൽനിന്ന് സ്ഥിതി മെച്ചപ്പെട്ടെങ്കിലും വരുമാനത്തിൽ വലിയ വർധനയില്ല. ജി.എസ്.ടിയിൽനിന്ന് പ്രതീക്ഷിച്ചതൊന്നും ഇനിയും കിട്ടിയിട്ടില്ല.

Tags:    
News Summary - 2603 crores more is being borrowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.