ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ

പാലക്കാട്: വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറാണ് വിജിലൻസിന്‍റെ പിടിയിലായത്.

പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്‍റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളജിൽ എത്താനാണ് ആവശ്യപ്പെട്ടത്.

തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതേ വസ്തു എൽ.എ പട്ടയത്തിൽ പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കൽ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും കൈവശാവകാശ സർട്ടിഫിക്കറ്റിനായി അഞ്ച്മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോഴും കൈക്കൂലി ആവശ്യപ്പെട്ടത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം അറിയിച്ചു. 

Tags:    
News Summary - 2500 rupees bribe for location certificate; Village Field Assistant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.