തൃശൂർ: ആശങ്കകൾക്കൊടുവിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ കരട് പട്ടിക (എസ്.ഐ.ആർ) പുറത്തുവന്നപ്പോൾ തൃശൂരിൽ വീണ്ടും വോട്ട് ചോരി ചർച്ച സജീവമാകുന്നു. പുതിയ പട്ടിക പ്രകാരം തൃശൂർ ജില്ലയിൽ 2,47,731 വോട്ടർമാർ പുറത്താക്കപ്പെട്ടു. ഇവയിലധികവും തൃശൂർ ലോക്സഭ മണ്ഡലത്തിലുൾപ്പെട്ടവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തൃശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്താണ് ബി.ജെ.പി വിജയം ഉറപ്പാക്കിയതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
അത് ശരിവെക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ. പുതിയ പട്ടിക പ്രകാരം 2402432 വോട്ടർമാരാണ് ജില്ലയിലുള്ളത്. 2025 ഒക്ടോബറിലെ പട്ടിക പ്രകാരം 2650163 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടര ലക്ഷത്തോളം പേർ പുറത്തായതോടെ ഏകദേശം പത്ത് ശതമാനം ആളുകൾ കുറഞ്ഞു. ഇതിൽ ഈ കാലയളവിൽ 50637 പേർ മരിച്ചു. 11262 പേർക്ക് മറ്റ് മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 75000 ന് മുകളിൽ വോട്ടുകൾ ചേർത്തെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ആരോപിക്കുന്നത്. തൃശൂർ നഗരത്തിലാണ് വോട്ടുകൾ വ്യാജമായി കൂട്ടിച്ചേർക്കപ്പെട്ടത്.
ഒരു ഫ്ലാറ്റിന്റെ വിലാസത്തിൽ 30ലധികം വോട്ടുകൾ ചേർക്കുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതര ജില്ലകളിൽ നിന്നടക്കം വിജയസാധ്യത മുൻനിർത്തി ആളുകളെ ഇവിടെ എത്തിച്ച് വോട്ട് ചേർത്തിരുന്നു. അവയെല്ലാം എസ്.ഐ.ആർ വന്നപ്പോൾ തിരികെ പോകുകയോ തിരിച്ചറിയാൻ കഴിയാത്ത ഗണത്തിൽ പെടുകയോ ചെയ്തു. ഒറ്റ ബൂത്തിന്റെ മാത്രം കണക്ക് നോക്കിയാൽ ഈ തട്ടിപ്പ് വ്യക്തമാകും. തൃശൂരിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം നൽകിയ 29ാം നമ്പർ ബൂത്തിൽനിന്ന് മാത്രം പുറത്തായത് 337 വോട്ടർമാർ. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണമാണ് ഞെട്ടിക്കുന്നത്- 329 പേർ.
ഇവർ ആരാണ്. എവിടെനിന്ന് വന്നു. ലോക്സഭയിൽ വോട്ട് ചെയ്തിട്ട് മാസങ്ങൾക്കകം ഇവർ എവിടേക്ക് പോയെന്നതിനൊന്നും തെരഞ്ഞെടുപ്പ് കമീഷന്റെ പക്കൽ തെളിവില്ല. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ പരാതിയിൽ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് ചേർത്ത ബി.എൽ.ഒക്ക് തൃശൂർ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.