തിരുവനന്തപുരം: മാനേജർമാർ ഒഴിവ് നീക്കിവെച്ചിട്ടും സംരക്ഷിത അധ്യാപകരില്ലാത്തതിനാൽ അധ്യാപക ബാങ്കിൽനിന്ന് 218 സ്കൂളുകളിൽ അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 1979നു ശേഷം അപ്ഗ്രേഡ് ചെയ്ത എയ്ഡഡ് സ്കൂളുകളിലാണ് സംരക്ഷിത അധ്യാപകരുടെ അഭാവം കാരണം ഇത്രയും ഒഴിവുനിലനിൽക്കുന്നതെന്ന് എൻ.എ. നെല്ലിക്കുന്നിനെ മന്ത്രി രേഖാമൂലം അറിയിച്ചു. ഇടുക്കി 120, മലപ്പുറം 57, കണ്ണൂർ 12, എറണാകുളം ആറ്, പാലക്കാട് അഞ്ച്, കോഴിക്കോട് അഞ്ച്, വയനാട് അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം രണ്ട്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് സ്കൂളുകളുടെ ജില്ല തിരിച്ചുള്ള എണ്ണം.
ചില ജില്ലകളിൽ സംരക്ഷിത അധ്യാപകർ ലഭ്യമല്ലാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. തസ്തിക നിർണയം, അധ്യാപക പുനർവിന്യാസം എന്നിവ പൂർത്തിയാകാത്തതിനാൽ ഈ വർഷത്തെ സംരക്ഷിത അധ്യാപകരുടെ എണ്ണം ലഭ്യമായിട്ടില്ല. 2019-20 അധ്യയന വർഷത്തിൽ 2751 സംരക്ഷിത അധ്യാപകരാണുണ്ടായിരുന്നത്.
കൂടുതൽ സംരക്ഷിത അധ്യാപകരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്; 316 പേർ. കൊല്ലം 302, പത്തനംതിട്ട 152, ആലപ്പുഴ 185, കോട്ടയം 98, ഇടുക്കി 23, എറണാകുളം 284, തൃശൂർ 292, പാലക്കാട് 293, മലപ്പുറം 220, കോഴിക്കോട് 290, വയനാട് 10, കണ്ണൂർ 258, കാസർകോട് 28 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സംരക്ഷിത അധ്യാപകരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.