പ്രതീകാത്മക ചിത്രം 

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പൊലീസുകാരന്​ അനുവദിച്ച തുക ബി.ഡി.ഒ അടിച്ചു മാറ്റി; അഞ്ച്​ വർഷത്തിനു ശേഷം കേ​സ്​

മലപ്പുറം: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിൽ ആന്‍റി ഡിഫേഴ്​സ്​മെന്‍റ്​ സ്ക്വാഡിലെ അംഗമായിരുന്ന പൊലീസുകാരന്​​ അനുവദിച്ച ഫീഡിങ്​ അലവൻസ്​ വ്യാജ രേഖ ചമച്ച്​ തട്ടിയെടുത്തെന്ന പരാതിയിൽ ബ്ലോക്ക്​ ഡെവ​ലപ്പ്​മെന്‍റ്​ ഓഫീസർക്കെതി​രെ കേസ്​. 2019ൽ കുറ്റിപ്പുറം ബ്ലോക്ക്​ ഡെവലപ്പ്​മെന്‍റ്​ ഓഫീസറായിരുന്ന ചന്ദ്രന്​ എതിരെയാണ്​ മലപ്പുറം പൊലീസ് വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ​കേസെടുത്തത്​.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന്​ ഉറപ്പാക്കാനും അനധികൃതമായി സ്ഥാപിച്ച ബാനറുകളും പോസ്​റ്ററുകളും നീക്കം ചെയ്യാനുമുള്ള ഏഴ് പേർ അടങ്ങിയ​ ആന്‍റി ഡിഫേഴ്​സ്​മെന്‍റ്​ സ്ക്വാഡിലെ അംഗമായിരുന്നു 2019ൽ കാടമ്പുഴ പൊലീസ്​ സ്​റ്റേഷനി​ലെ സിവിൽ പൊലീസ്​ ഓഫസീറും പട്ടാമ്പി സ്വദേശിയുമായ വിപിൻ സേതു. ചട്ടപ്രകാരം ദിവസം 150 രൂപ എന്ന നിരക്കിൽ ​ 41 ദിവസം ഡ്യൂട്ടിയെടുത്ത വിപിന്​ 6150 രൂപയാണ്​​ അനുവദിച്ചിരുന്നത്​​. എന്നാൽ ഈ തുക സ്ക്വാഡിനെറ തലവനായ ബി.ഡി.ഒ വിപിന്​ നൽകാതെ വ്യാജ ഒപ്പിട്ട്​ കൈപ്പറ്റിയെന്നായിരുന്നു പരാതി. അനുവദിച്ച തുക ചോദിച്ചപ്പോൾ തുക കിട്ടിയിട്ടില്ലെന്നും പൊലീസ്​ വകുപ്പിൽ നിന്നും വാങ്ങണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ നൽകിയ മറുപടി.

എന്നാൽ വിപിൻ 2020ൽ വിവരവകാശ പ്രകാരം അനുവദിച്ച തുകയടെ വിവരങ്ങൾ എടുത്തപ്പോഴാണ്​ തന്‍റെ പേരിൽ വ്യാജ ഒപ്പിട്ട്​ ബി.ഡി.ഒ തുക കൈപ്പറ്റിയതായി​ അറിയുന്നത്​. തുടർന്ന്​ ഇലക്ഷൻ സെൽ വഴി അന്നത്തെ ജില്ല പൊലീസ്​ ​മേധാവിക്ക്​ പരാതി നൽകിയിരുന്നു. കലക്ടറുടെ കീഴിൽ നടന്ന അന്വേഷണത്തിൽ ബി.ഡി.ഒ കുറ്റകാരനാണെന്ന്​ വ്യക്തമായിരുന്നു. അനുബന്ധമായി നടന്ന അന്വേഷണത്തിൽ ഒപ്പ്​ വ്യാജമാണെന്നും​ കണ്ടെത്തിയിരുന്നു. തുടർന്ന് ആറുമാസം മുമ്പ്​​ പൊലീസിനോട്​ നടപടി സ്വീകരിക്കാൻ കലക്​​ടർ നിർദ്ദേശം നൽകി. ഇതിനു ശേഷമാണ്​​ എസ്​.പിയുടെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ.എസ്​.പിക്ക്​ കീഴിൽ അന്വേഷണം നടത്തി ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കുറ്റകാരനാണെന്ന്​ കണ്ടെത്തുകയും ഇയാൾക്കെതിരെ മലപ്പുറം പൊലീസ്​ കേസെടുക്കുകയും ചെയ്തത്​.

പരാതിയിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട്​ ഡിപ്പാർട്ട്​മെന്‍റിന്​​ സമർപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം പൊലീസ്​ ഇൻസ്​പെക്ടർ ജോബി തോമസ്​ ‘മാധ്യമ’ത്തോട്​ പ്രതികരിച്ചു.

Tags:    
News Summary - 2019 election duty BDO has canceled the amount allotted to the policeman; Case taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.