ബൈ ബൈ പറഞ്ഞ് ‘കലക്ടര്‍ ബ്രോ’

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി ഇടപഴകിയ കലക്ടര്‍ ബ്രോ കോഴിക്കോട്ടുനിന്ന് യാത്രയാവുമ്പോള്‍ ബാക്കിയാവുന്നത് നിരവധി ജനകീയ പദ്ധതികളും വിവാദങ്ങളും. പാവങ്ങള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കാനുള്ള ഓപറേഷന്‍ സുലൈമാനി, വിദ്യാര്‍ഥികള്‍ക്ക് അന്തസ്സായി യാത്ര ചെയ്യാനുള്ള സാഹചര്യം ലക്ഷ്യമിട്ട് സവാരി ഗിരിഗിരി, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കംപാഷനേറ്റ് കോഴിക്കോട്, ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ബസ് റൂട്ടുകള്‍ക്ക് നമ്പര്‍ നല്‍കല്‍ തുടങ്ങിയ പദ്ധതികളാണ് സ്ഥലം മാറിപ്പോവുന്ന കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേകമായി നടപ്പാക്കിയത്. 
പദ്ധതികളെല്ലം തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടുപോയെങ്കിലും പിന്നീട് ചിലത് പാതിവഴിയില്‍ നിലച്ചു. 
വേണ്ടത്ര ഏകോപനവും തുടര്‍ച്ചയും ഇല്ലാതായതാണ് പദ്ധതികള്‍ പാതിവഴിയിലാവാനിടയാക്കിയത്. ഫോണ്‍ വിളിച്ചാല്‍പോലും എടുക്കാത്ത കലക്ടറെ മാറ്റണമെന്ന് ഡി.സി.സി പ്രസിഡന്‍റായിരുന്ന കെ.സി. അബു കെ.പി.സി.സി യോഗത്തില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തവന്നതോടെ ഇതിനെ പരിഹസിച്ച് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും പലരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിടുകയും ചെയ്തതോടെയാണ് വിവാദ നായകനായത്. 
ഭരണം മാറിയതിനുപിന്നാലെ എം.കെ. രാഘവന്‍ എം.പിയുമായി ‘പിണങ്ങി’. എം.പി ഫണ്ട് വിനിയോഗത്തിന് കലക്ടര്‍ ഭരണാനുമതി നല്‍കുന്നത് വൈകിക്കുന്നതിനാല്‍ പദ്ധതിത്തുക പാഴാവുന്നു എന്നായിരുന്നു രാഘവന്‍െറ പരാതി. ഇത് എം.പി തുറന്നടിച്ചതോടെ കലക്ടറുടെ പണി ഭരണാനുമതി നല്‍കല്‍ മാത്രമല്ല പദ്ധതികള്‍ പരിശോധിക്കുക കൂടിയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചത് രാഘവനെ ചൊടിപ്പിച്ചു. 
പ്രശ്നം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കലക്ടര്‍ മാപ്പുപറയണമെന്ന് എം.പി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ കലക്ടര്‍ കുന്ദംകുളത്തിന്‍െറ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് എം.കെ. രാഘവന്‍ പരാതിപറയുകയും പിന്നാലെ ചീഫ് സെക്രട്ടറി എന്‍. പ്രശാന്തിനെ താക്കീത് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് കലക്ടര്‍ ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്നം കെട്ടടങ്ങി. മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് വൈകിപ്പിക്കുന്നത് കലക്ടറാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ തുറന്നടിച്ചതും കലക്ടര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം സൃഷ്ടിച്ചു. 
സ്ഥലം മാറ്റിയുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിനുപിന്നാലെ പ്രശാന്ത് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 2015 ഫെബ്രുവരിയില്‍ ഏറ്റെടുത്ത കോഴിക്കോട് കലക്ടര്‍ ജോലിക്ക് വിരാമമാവുകയാണ്. രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതോടെ പ്രതീക്ഷിച്ച സ്ഥലം മാറ്റമാണിത്. ഇതില്‍ അസ്വാഭാവികതയായി ഒന്നും കാണുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലര്‍ പ്രത്യക്ഷപ്പെട്ടതുകണ്ടു.
 അതേപ്പറ്റി വിശേഷിച്ച് ഒന്നും പറയാനില്ല. സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്...
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.