ഹൃദയത്തെ മറന്ന് മലയാളി ചെറുപ്പത്തിലേ ഹൃദ്രോഗം നെഞ്ചേറ്റുന്നു

കൊച്ചി: കേരളത്തില്‍ ചെറുപ്പത്തിലേ ഹൃദ്രോഗം ‘നെഞ്ചേറ്റുന്നവരുടെ’ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് പുതുതായി ഹൃദ്രോഗം  കണ്ടത്തെുന്നവരില്‍ 25 ശതമാനത്തോളം പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. 1970കളില്‍ 40 വയസ്സില്‍ താഴെ ഹൃദ്രോഗം കണ്ടത്തെുന്നത് വളരെ അപൂര്‍വമായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുകയറ്റം. പുതിയ ഹൃദ്രോഗികളില്‍ 50 ശതമാനം പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. ഹൃദ്രോഗം സംബന്ധിച്ച് ഗവേഷണത്തിലേര്‍പ്പെട്ട സന്നദ്ധ സംഘടനയായ കൊറോണറി ആര്‍ട്ടെറി ഡിസീസ് എമംങ് ഏഷ്യന്‍ ഇന്ത്യന്‍സ് (കഡായ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
മലയാളിയുടെ ശരാശരി പ്രതീക്ഷിത ആയുസ്സ് 75 വയസ്സാണ്. ദേശീയ ശരാശരിയായ 64നേക്കാള്‍ 11 വര്‍ഷം കൂടുതലാണിത്. സമ്പന്ന രാജ്യമായ അമേരിക്കയുടെ ശരാശരി ആയുസ്സ് 78 ആണ് എന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് മലയാളിയുടെ പ്രതീക്ഷിത ആയുസ്സിന്‍െറ വലുപ്പം വ്യക്തമാവുക.  ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, സുരക്ഷ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാനദണ്ഡമാക്കുന്നത് പ്രതീക്ഷിത ആയുസ്സാണ്. കേരളത്തിന്‍െറ വികസന മാതൃകയും ജീവിത നിലവാരവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും ഇതിന്‍െറ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഹൃദ്രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ഈ നേട്ടങ്ങളെയൊക്കെ തകിടം മറിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊഴുപ്പ്, അമിതവണ്ണം, മദ്യപാനം, പുകവലി, വ്യായാമമില്ലായ്ക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ചെറുപ്പക്കാരെ ഹൃദ്രോഗികളാക്കുന്നത്. ജോലി സമ്മര്‍ദം രക്ത സമ്മര്‍ദത്തിനും  ഇരുന്ന് മാത്രമുള്ള ജോലിയും ഫാസ്റ്റ് ഫുഡും അമിതവണ്ണത്തിനും കാരണമാകുന്നു.  സംസ്ഥാനത്ത് ഹൃദ്രോഗം മൂലം മരിക്കുന്ന പുരുഷന്മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 40 ശതമാനവും 65 വയസ്സാകാത്തവരാണ്.  അമേരിക്കയില്‍ ഇത് 18 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്.  മലയാളികളുടെ കൊളസ്ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായും കണ്ടത്തെിയിരുന്നു. 30 വയസ്സ് എത്തും മുമ്പുതന്നെ കൊളസ്ട്രോള്‍ രോഗികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.  14 വയസ്സ് എത്തും മുമ്പേ അമിത വണ്ണത്തിന് അടിപ്പെടുന്ന കുട്ടികളും വര്‍ധിക്കുകയാണ്.
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവക്ക് പുറമേ മാംസ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു.  മരുന്നല്ല, ജീവിത ശൈലി തിരുത്തലും വ്യായാമവുമാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മുഖ്യ മാര്‍ഗമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.