മാലിന്യം നിറഞ്ഞ ചിറയില്‍ വാര്‍ഡ് മെമ്പറിന്‍െറ നില്‍പ് സമരം

അങ്കമാലി: മാലിന്യം നീക്കാൻ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട്​ വാര്‍ഡ് മെമ്പര്‍ നടത്തിയ ഉപവാസം വേറിട്ട കാഴ്ചയായി. ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശ്ശേരി പള്ളപ്പാടം കൈതക്കാട്ട് ചിറയിലെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാർഡ്​ മെമ്പർ ജെര്‍ളി കപ്രശ്ശേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഉപവാസം. പെരിയാറില്‍ സംഗമിക്കുന്ന ചെങ്ങല്‍ത്തോടിന്‍െറ പ്രധാന കൈവഴിയാണിത്. അശാസ്ത്രീയമായി നികത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി  റണ്‍വെ നിര്‍മ്മിച്ചതോടെയാണ് ചിറ ഒറ്റപ്പെട്ട്​ പോയത്.

പിന്നീട് സ്വകാര്യ വ്യക്തികള്‍ തോട് കൈയടക്കുകയും,  മാലിന്യ സംഭരണ കേന്ദ്രമാക്കുകയും ചെയ്ത​തോടെ ചിറയിലെ ഇരുവശങ്ങളിലും താമസിക്കുന്ന നൂറ് കണക്കിനാളുകള്‍ക്ക് ദുരിതം തുടങ്ങി. മാംസാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍, ചത്ത ജീവികള്‍, രാസമാലിന്യം തുടങ്ങി കക്കൂസ് മാലിന്യങ്ങള്‍വരെ തോട്ടില്‍ തള്ളുന്ന സ്ഥിതിയായി. ഏകദേശം 15 കിലോമീറ്ററിലധികം ചുറ്റപ്പെട്ട് കിടക്കുന്ന ചെങ്ങല്‍തോട്ടിൽ പായലും, മുള്ളന്‍ചണ്ടിയും, കാട്ട് ചെടികളും വളര്‍ന്ന് ഒഴുക്ക് നിലച്ച്​ ദുര്‍ഗന്ധം വമിക്കുകയും നാടിന് ശാപമായി മാറുകയായിരുന്നു. അട്ടകളും, ആമകളുമടങ്ങുന്ന ശുദ്ര ജീവികളും തോട്ടില്‍ നിറഞ്ഞു.

പഞ്ചായത്തിലെ ആറ് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളിലുള്ളവരാണ് ഇതിന്‍െറ ദുരിതം കുടുതലായി നേരിടുന്നത്. ജനരോഷം ഉയര്‍ന്നതോടെ കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി ചിറ നവീകരണത്തിന്‍െറ ഭാഗമായി സര്‍വെ നടപടികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഒരു വര്‍ഷത്തോളമായി പഞ്ചായത്ത് കമ്മിറ്റിയില്‍ ജെര്‍ളി പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടർന്നാണ്​ കപ്രശ്ശേരി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സി നേതാവുകൂടിയായ വാര്‍ഡ് മെമ്പര്‍ ജെര്‍ളി ധരിച്ചിരുന്ന ഖദര്‍മുണ്ടും, ഖദര്‍ ഷര്‍ട്ടും മാറ്റാതെ ചിറയില്‍ ഇറങ്ങി 10 മണിക്കൂര്‍ നീണ്ട നില്‍പ്പ് ഉപവാസ സമരം നടത്തിയത്. ‘മാധ്യമ’നിരൂപകന്‍ അഡ്വ.എസ്.ജയശങ്കര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കപ്രശ്ശേരി അധ്യക്ഷത വഹിച്ചു. 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.