സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 27ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റി. ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഒരു മാസത്തേക്ക് സമരപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) തീരുമാനിച്ചത്. കേരള ഗവണ്‍മെന്‍റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും പ്രഖ്യാപിച്ചിരുന്ന സമരത്തില്‍നിന്ന് പിന്മാറി. 10ാം ശമ്പള പരിഷ്കരണ ഉത്തരവിലെ വെട്ടിക്കുറച്ച ശമ്പളം പുന$സ്ഥാപിക്കുമെന്നും എല്ലാ തസ്തികയിലും പുതിയ അടിസ്ഥാനശമ്പളം അനുവദിക്കുമെന്നും ഉറപ്പുലഭിച്ചതായി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. റഊഫ് അറിയിച്ചു. സ്പെഷല്‍ പേയിലെ കുറവ് പരിഹരിക്കാനും അസി. സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1: 3 ആയി പുന$ക്രമീകരിക്കാനും ധാരണയായി. സ്പെഷലിസ്റ്റുകള്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ ആനുപാതിക വര്‍ധനക്കും മറ്റ് ഡോക്ടര്‍മാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനും തീരുമാനമായതായി കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു.

സമരത്തിന്‍െറ ഭാഗമായി സെപ്റ്റംബര്‍ ആറുമുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തിവരുകയായിരുന്നു. വി.വി.ഐ.പി ഡ്യൂട്ടി, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ അടക്കമുള്ള പരിപാടികള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിരുന്നു. തിരുവോണദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരവും സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന പ്രസിഡന്‍റ് ഡോ. വി. മധു, ജനറല്‍ സെക്രട്ടറി ഡോ.റഊഫ്, ഭാരവാഹികളായ ഡോ.എസ്. ജ്യോതിലാല്‍, ഡോ. അനില്‍, ഡോ.ഒ. എസ്. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.