കാസര്‍കോട് കോട്ട വില്‍പന: ടി.ഒ. സൂരജിനെ ചോദ്യം ചെയ്തു

കാസര്‍കോട്: പൈതൃക ഭൂമിയായ കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ വ്യാജരേഖ ചമച്ച് വില്‍പന നടത്തിയ  കേസില്‍ വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തില്‍. കേസില്‍ മുഖ്യപ്രതിയായ മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജിനെ  വിജിലന്‍സ്  ചോദ്യം ചെയ്തു. വില്‍പനാവകാശമില്ലാത്ത കോട്ട വില്‍ക്കുന്നതിന് 20 വര്‍ഷത്തെ നികുതി ഒരുമിച്ച് അടക്കാന്‍ അനുമതി നല്‍കിയ അന്നത്തെ കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ ചെനിയപ്പയുടെ നടപടി റദ്ദാക്കാനുള്ള കലക്ടര്‍ ആനന്ദ് സിങ്ങിന്‍െറ തീരുമാനം റദ്ദാക്കിയത്  ലാന്‍ഡ് റവന്യൂ കമീഷണറായിരുന്ന ടി.ഒ. സൂരജാണ്.

കേസില്‍ പ്രതികളായ തഹസില്‍ദാര്‍ ചെനിയപ്പ, കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന ശിവകുമാര്‍, മൂന്ന് ആധാരങ്ങളിലായി കാസര്‍കോട് കോട്ട രജിസ്റ്റര്‍ ചെയ്തു നല്‍കിയ സബ് രജിസ്ട്രാര്‍ റോബിന്‍ ഡിസൂസ എന്നിവരെയും വിജിലന്‍സ് ഡിവൈ.എസ്.പി ചോദ്യം ചെയ്തു. കലക്ടറുടെ തീരുമാനം റദ്ദാക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അധികാരമുണ്ടെന്ന നിലപാടാണ് സൂരജ് ആവര്‍ത്തിച്ചത്. എല്ലാ രേഖകളും പരിശോധിച്ചതിനു ശേഷമാണ് ആനന്ദ് സിങ്ങിന്‍െറ ഉത്തരവ് റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായാണ് അറിയുന്നത്.

കേരള കോണ്‍ഗ്രസ് നേതാവും ഭൂമി വാങ്ങിയവരില്‍ ഒരാളുമായ കേസിലെ പ്രതി സജി സെബാസ്റ്റ്യനു വേണ്ടിയാണ് സൂരജ് കലക്ടറുടെ നടപടി റദ്ദാക്കിയതെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കോട്ടയുടെ 5.41 ഏക്കര്‍ ഭൂമിയുടെ സിംഹ ഭാഗം കൈക്കലാക്കിയത് സജി സെബാസ്റ്റ്യനാണ്.  ഹൈകോടതിയും അപ്പലേറ്റ് അതോറിറ്റിയും സര്‍ക്കാര്‍  ഭൂമിയെന്ന് കൃത്യമായി നിര്‍വചിച്ച സ്ഥലം വില്‍ക്കാന്‍ സൂരജ് അവസരം നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. വില്‍ക്കാന്‍ പാടില്ലാത്തതും എന്നാല്‍, സബ് ലീസിന് നല്‍കാവുന്നതുമായ കോട്ടയുടെ ഭൂമി 2009-ആഗസ്റ്റ് ഒമ്പതിന് തഹസിദാറുടെ ഉത്തരവ് പ്രകാരം 20 വര്‍ഷത്തെ നികുതി ഒരുമിച്ച് അടക്കുകയും അടുത്ത ദിവസം തന്നെ സജി സെബാസ്റ്റ്യന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍  എസ്.ജെ. പ്രസാദ്, കരാറുകാരായ ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍  എന്നിവര്‍ക്കായി വില്‍പന നടത്തുകയും ചെയ്തുവെന്നാണ് കേസ്.

2015 ജൂണ്‍ 27ന് ‘മാധ്യമം’ കോട്ട വില്‍പന പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് കോട്ട സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കേസില്‍ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.