കെ.എസ്.ആർ.ടി.സിയുടെ നിയന്ത്രണത്തിലുള്ള കെ.യു.ആർ.ടി.സിക്ക് 500 സി.എൻ.ജി ബസുകൾ വാങ്ങാൻ ജർമൻ ധനകാര്യ സ്ഥാപനമായ കെ.എസ്.ഡബ്ലു 560 കോടി രൂപ വായ്പ അനുവദിച്ചു. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ആൻറണി ചാക്കോ ജർമൻ ധനകാര്യ സ്ഥാപനവുമായി കൊച്ചിയിൽ കരാർ ഒപ്പുവെച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ഇത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ചർച്ച നടത്തി വരികയായിരുന്നു. ആദ്യ ഘട്ടത്തിൽ 100 സി.എൻ.ജി ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കും.കൊച്ചി നഗരത്തിന് പുറമെ പെരുമ്പാവൂർ, അങ്കമാലി, തൃപ്പുണ്ണിത്തുറ, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ആലുവ ,പറവൂർ എന്നീ പ്രദേശങ്ങളിലും സി.എൻ. ജി ബസുകൾ സർവീസ് നടത്തും.
രണ്ടാം ഘട്ടത്തിൽ 100 ബസുകൾ കൂടി നിരത്തിലിറക്കും. കെ.എസ്.ആർ.ടി.സിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ പണയപ്പെടുത്തിയും സർക്കാർ ഗാരൻറിയിലുമാണ് 560 കോടിയുടെ വായ്പ ലഭ്യമാക്കുന്നത്. സി.എൻ.ജി ബസുകൾ നിരത്തിലിറക്കുന്നതോടെ പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ആശങ്കയും ഇല്ലാതാകും.
എല്ലാ ഡീസൽ വാഹനങ്ങളും ഘട്ടം ഘട്ടമായി സി.എൻ.ജിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് കൊച്ചി നഗരത്തിലെ മുഴുവൻ ബസുകളും സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.