എ. പത്മകുമാറിന് തിരിച്ചടി, ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി; ജയിലിൽ തുടരും

കൊല്ലം: ശബരിമല ദ്വാര പാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.

പത്മകുമാർ ജയിലിൽ തുടരും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെയും റിമാൻഡിൽ വിട്ടു.14 ദിവസത്തേക്കാണ് റിമാൻഡ്. അറസ്റ്റ് നിയമാനുസൃതമല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.

കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായെന്നും മാസങ്ങളായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. 

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ഹൈകോടതി കഴിഞ്ഞദിവസം ആറാഴ്ചകൂടി സമയം നീട്ടി നൽകിയിരുന്നു. അന്വേഷണത്തിൽ ഒരു സ്വാധീനത്തിനും വഴങ്ങരുത്. ബാഹ്യസമ്മർദങ്ങളോ ഇടപെടലോ കണക്കിലെടുക്കാതെ ഭയരഹിതമായി മുന്നോട്ടുപോകണം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അനുമതി നൽകി.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ 15ഉം വാതിലിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ 12ഉം പ്രതികളാണുള്ളത്. ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നടപടികൾ അതിന്റെ അടിത്തറ തകർക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്കടക്കം വിവരങ്ങളൊന്നും നൽകരുതെന്ന നിർദേശം കർശനമായി പാലിക്കുന്നുണ്ടെങ്കിലും ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും പ്രചാരണം നടത്തുന്നു. ഇത്തരം പ്രചാരണങ്ങൾ വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Setback for M. Padmakumar; Kollam Vigilance Court rejects bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.