തിരുവനന്തപുരം: ബി.ജെ.പി നേതാവും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവിൽ വട്ടിയൂര്‍ക്കാവ് എം.എല്‍.എയും സി.പി.എം നേതാവുമായ വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ എം.എൽ.എ ഓഫീസ് ഒഴിയുന്നു. മരുതം കുഴിയിലേക്കാണ് വി.കെ പ്രശാന്ത് ഓഫിസ് മാറുന്നത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാൻ വി.കെ പ്രശാന്ത് തീരുമാനിച്ചത്. അനാവശ്യവിവാദം അവസാനിക്കുന്നതിനായാണ് ഓഫിസ് മാറ്റുന്നതെന്ന് എം.എൽ.എ പ്രതികരിച്ചു.
മരുതംകുഴിയിൽ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് വി.കെ പ്രശാന്ത് ഓഫിസ് മാറുന്നത്. എം.എൽ.എ ഓഫീസ് വി.കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥലസൗകര്യമില്ലെന്നും അതിനാൽ തനന്‍റഎ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിനായിപ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം.
എന്നാൽ മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും അതുവരെ ഒഴിയില്ലെന്നുമുള്ള നിലപാടാണ് വി.കെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. തർക്കം മുറുകിയതോടെ ശ്രീലേഖ പ്രശ്നം മയപ്പെടുത്താനായി പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു. താൻ ഒഴിയണമെന്ന് അഭ്യർഥിക്കുക മാത്രമാണ് ചെയ്തതെന്ന് വിശദീകിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രശാന്തിന്‍റെ ഓഫിസിന് സമീപത്ത് തന്നെ തന്‍റെ ഓഫിസ് തുടങ്ങുകയും അതിന്‍റെ സ്ഥലപരിമിതയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിശദീകരിക്കുകയും ചെയ്തിരുന്നു. ചെറിയ മുറിയിൽ തന്നെ സേവനം തുടരുമെന്നും ഓഫീസിന്‍റെ ഒരു ഭാഗത്ത് നിറയെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നും എങ്കിലും താൻ ജനസേവനം തുടരുമെന്നും വീഡിയോയിൽ ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.