വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് എസ്.ഐക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്.ഐക്ക് ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികരായ യുവാക്കളും അപകടത്തില്‍പെട്ട് ആശുപത്രിയിലായി.
എ.ആര്‍ പൊലീസ് ക്യാമ്പ് സബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിനാണ് ഡ്യൂട്ടിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊല്ലം-കോവളം മാതൃകാ റോഡില്‍ വാഴമുട്ടത്തിന് സമീപമായിരുന്നു അപകടം. റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്നു സതീഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള ഹൈവേ പൊലീസ് സംഘം. ഹെല്‍മറ്റില്ലാതെ ബൈക്കില്‍ വേഗത്തില്‍ വന്നവര്‍ നിര്‍ത്തുന്നതിന് കൈ കാണിച്ച എസ്.ഐയെ വെട്ടിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. വെട്ടിക്കുന്നതിനിടെ ബൈക്ക് എസ്.ഐയെ ഇടിച്ചുവീഴ്ത്തിയതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൗഫ് (20), ഷിബു (23) എന്നിവരും റോഡില്‍ തെറിച്ചുവീണു.
എസ്.ഐയെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട യുവാക്കള്‍ ബൈക്കുമായി കടന്നു. എസ്.ഐക്ക് തലക്ക് സാരമായി പരിക്കേറ്റു. ചാക്ക ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എസ്.ഐ. പരിക്കേറ്റ യുവാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി.
ബൈക്കിന്‍െറ നമ്പര്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ഇവരുടെ പേരില്‍ കേസെടുക്കാനുള്ള  നടപടി ആരംഭിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.