സ്കൂള്‍ പ്രവൃത്തിസമയം ആറു മണിക്കൂറില്‍ കവിയരുത് –ബാലാവകാശ കമീഷന്‍

തൃശൂര്‍: സ്കൂള്‍ പ്രവൃത്തി സമയം ആറു മണിക്കൂറില്‍ കൂടാന്‍ പാടില്ളെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ഉത്തരവ്. മതപഠനവും സ്കൂള്‍ പഠനവും ഒരു മണിക്കൂര്‍ ഇടവേളയുമടക്കം ആറു മണിക്കൂര്‍ കവിയരുത്. അവധി ദിനങ്ങളില്‍ സ്കൂളില്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രത്യേക അനുമതി പ്രകാരം മതപഠനം നടത്താം. ആശ്യപ്പെട്ടവര്‍ക്ക് മാത്രമാണ് ഇത്തരം ക്ളാസുകളെന്നും നിര്‍ബന്ധപൂര്‍വമല്ളെന്നും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

പടിയൂരിലെ പീസ് പബ്ളിക് സ്കൂളിലെ പഠനസമയക്രമം സംബന്ധിച്ച് കൊടുങ്ങല്ലൂര്‍ അഴീക്കോട് പുളിക്കല്‍ വീട്ടില്‍ അന്‍വര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം നിയമപ്രകാരം ദിവസത്തില്‍ അഞ്ചുമണിക്കൂര്‍ വീതം 200 പ്രവൃത്തിദിനവും വര്‍ഷത്തില്‍ 1000 മണിക്കൂര്‍ അധ്യയനവുമെന്നാണ് അനുശാസിക്കുന്നത്. പീസ് സ്കൂളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ 7.30 മുതല്‍ 1.30 വരെയായിരുന്നു പഠനസമയക്രമം. എന്നാല്‍ ഇക്കുറി 7.30 മുതല്‍ 3.30 വരെ നീട്ടിയതായി അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് കുട്ടികളുടെ മാനസിക - ശാരീരിക അവശതക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് കമീഷനെ സമീപിച്ചത്. 7.30 മുതല്‍ 1.30 വരെ എന്നത് 9.30 മുതല്‍ 3.30 വരെയാക്കി മാറ്റിയതല്ലാതെ അധിക സമയം കുട്ടികളെ പഠിപ്പിക്കുന്നില്ളെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നെന്ന രക്ഷിതാക്കളുടെ ആവശ്യം മാനിച്ചാണ് സമയം മാറ്റിയത്. എന്നാല്‍ രക്ഷിതാക്കളുടെ ആവശ്യപ്രകാരം 7.30 മുതല്‍ 9.30 വരെ ചില കുട്ടികള്‍ക്ക് മതപഠനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലാണ് ക്ളാസ് നടക്കുന്നതെന്ന് ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കമീഷന് നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.