അഞ്ചേക്കറോളം മിച്ചഭൂമി പിടിച്ചെടുത്ത് സി.പി.എം നേതൃത്വത്തില്‍ കുടിലുകള്‍ കെട്ടി

നിലമ്പൂര്‍ (മലപ്പുറം): മമ്പാട് ഗ്രാമപഞ്ചായത്തിലെ അഞ്ച് ഏക്കറോളം മിച്ചഭൂമി പിടിച്ചെടുത്ത് കൊടിനാട്ടിയ സി.പി.എം പ്രവര്‍ത്തകര്‍ താല്‍ക്കാലിക കുടിലുകള്‍ സ്ഥാപിച്ചു. കാട്ടുപൊയില്‍ വാര്‍ഡില്‍ കൊറത്തിയാര്‍പൊയിലിലെ ഭൂമിയാണ് പിടിച്ചെടുത്തതായി അവകാശപ്പെട്ട് സി.പി.എം മമ്പാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടിനാട്ടിയത്. കെ.എസ്.കെ.ടി.യു സംസ്ഥാന സമിതിയംഗം എന്‍. കണ്ണന്‍ കൊടിനാട്ടലിന് നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ പത്തോടെയാണ് നൂറിലധികം പേര്‍ പ്രകടനമായത്തെിയത്. കാടുമൂടിക്കിടന്ന സ്ഥലം പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ചു. സി.പി.എം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി. രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ സമരക്കാരുമായി വണ്ടൂര്‍ സി.ഐ രവീന്ദ്രന്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി.

ഭൂമിയുടെ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഒരു രേഖയും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. രേഖകളില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ളെന്ന് പറഞ്ഞ് പരാതിക്കാരനെ മടക്കിയയച്ചു. കാട്ടുപൊയില്‍ വാര്‍ഡില്‍ ബ്ളോക് നമ്പര്‍ 83ലെ 362(4) സര്‍വേ നമ്പറില്‍പ്പെട്ടതാണ് ഭൂമി.
ഭൂമി പിടിച്ചെടുക്കല്‍ സമരം അവസാനിപ്പിക്കണമെന്ന് സി.ഐ ആവശ്യപ്പെട്ടെങ്കിലും പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ സമരക്കാര്‍ ഉറച്ചുനിന്നു. വില്ളേജ് അധികൃതരോട് ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വിവരം കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിലെ ഭൂരഹിതരായ നൂറോളം കുടുംബങ്ങള്‍ക്ക് സ്ഥലം വീതംവെച്ച് നല്‍കുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ അറിയിച്ചു. ഞായറാഴ്ച പ്രദേശം അളന്ന് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക കുടിലുകള്‍ നിര്‍മിച്ചുനല്‍കും. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ടി. അഹമ്മദ്, സി.പി.എം മമ്പാട് ലോക്കല്‍  സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ. സലാഹുദ്ദീന്‍, കെ.കെ. കുട്ടി, പി. അയ്യപ്പന്‍, പി.ടി. മുഹമ്മദലി, കെ. സുബൈര്‍, ടി.പി. ഉമൈമത്ത്, എ.ടി. ഷറഫുദ്ദീന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ കെ. മുജീബ്, നിയാസ് ബാബു, അബ്ദുല്‍ സലാം, സീതിക്കോയ, എം.ആര്‍. സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.