ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന്

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അറസ്റ്റിലായ പെരുമ്പാവൂരിലെ തൊഴിലാളിയും അസം സ്വദേശിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാകും അന്വേഷണസംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസമാണ് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നത്.

പത്തുവര്‍ഷമോ അതിന് മുകളിലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ പ്രതിക്കെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. അമീറുല്‍ ഇസ്ലാമിനെതിരെ ഇത്തരത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഈമാസം 14നാണ് 90 ദിവസം തികഞ്ഞത്. എന്നാല്‍, പൊതുഅവധി ആയതിനാല്‍ കോടതിയുടെ അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിവസമായ ഇന്ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.

കൊലപാതകത്തിന് പ്രേരണ നല്‍കിയതായി പ്രതി ആരോപിക്കുന്ന അസം സ്വദേശിയായ അനാറുല്‍ ഇസ്ലാമിനെ ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കോടതിയില്‍നിന്ന് പരാമര്‍ശങ്ങളുണ്ടായാല്‍ തുടരന്വേഷണം നടത്താമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.