ദമ്പതികളെ കെട്ടിയിട്ട് 1.70 ലക്ഷവും അഞ്ചരപ്പവനും കവര്‍ന്നു

തൊടുപുഴ: പെട്രോള്‍ പമ്പ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ട് നഗരമധ്യത്തിലെ വീട്ടില്‍നിന്ന് 1.70 ലക്ഷം രൂപയും അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ കെ. ബാലചന്ദ്രന്‍െറ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുഖംമൂടി ധരിച്ചത്തെിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട് ഒലവക്കോടുനിന്ന് കസ്റ്റഡിയിലെടുത്തതായും മറ്റു മൂന്നുപേര്‍ വലയിലായതായും പൊലീസ് അറിയിച്ചു.

തൊടുപുഴയിലെ പ്രകാശ് ഫ്യുവല്‍സ്, പ്രകാശ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ ഉടമയാണ് ബാലചന്ദ്രന്‍. പരിക്കേറ്റ ബാലചന്ദ്രന്‍ (58), ഭാര്യ ശ്രീജ (51) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ജഹാംഗീറിനെ (20) ആണ് പാലക്കാട് റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. പൊലീസ് പിന്തുടരുന്നതറിഞ്ഞ് ജഹാംഗീറിനൊപ്പം ട്രെയിനില്‍ രക്ഷപ്പെട്ട കൂട്ടുപ്രതി ബിഹാര്‍ റായ്ഗഡ് സ്വദേശി രമേശിനെ (25) തിരയുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി ടി.വി ദൃശ്യങ്ങളും വീടിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നല്‍കിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് അന്വേഷണം.

സംഭവസമയം ബാലചന്ദ്രനും ശീജയും മാത്രമായിരുന്നു വീട്ടില്‍. ഉറക്കത്തിനിടെ കോളിങ്ബെല്‍ കേട്ട് ഉണര്‍ന്ന് നോക്കിയപ്പോള്‍ 20 വയസ്സില്‍ താഴെ പ്രായമുള്ള ഒരാള്‍ പുറത്തുനിന്ന് ആംഗ്യഭാഷയില്‍ സഹായം അഭ്യര്‍ഥിക്കുന്നതാണ് കണ്ടത്. കതക് തുറന്നയുടന്‍ ഇയാള്‍ക്കൊപ്പം മുഖംമറച്ച മറ്റു മൂന്നുപേര്‍ കൂടി വീട്ടിലേക്ക് തള്ളിക്കയറി. ബാലചന്ദ്രന്‍െറയും ഭാര്യയുടെയും വായില്‍ തുണി തിരുകിയശേഷം കൈകാലുകള്‍ കയറും തുണിയും ഇലക്ട്രിക് വയറുകളും ഉപയോഗിച്ച് കെട്ടിയിട്ടു.

പിടിവലിക്കിടെ ബാലചന്ദ്രന്‍െറ പുറത്തും ശ്രീജയുടെ മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് മോഷ്ടാക്കള്‍ പണപ്പൊതി ആവശ്യപ്പെട്ടു. പെട്രോള്‍ ബങ്കിലെ കലക്ഷന്‍ തുകയായ 1,70,000 രൂപ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ബാലചന്ദ്രന് സമീപം രണ്ടുപേര്‍ നിലയുറപ്പിച്ചശേഷം മറ്റു രണ്ടുപേര്‍ ശ്രീജയെ വലിച്ചിഴച്ച് കൊണ്ടുപോയി പണമടങ്ങിയ പൊതിയെടുത്തു. ശ്രീജയുടെ ഒരു പവന്‍ വീതമുള്ള രണ്ടു വളയും ബാലചന്ദ്രന്‍െറ മൂന്നരപ്പവന്‍െറ മാലയും ഊരിയെടുത്തു. രണ്ട് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും കൈക്കലാക്കിയ മോഷ്ടാക്കള്‍ വീട്ടിലെ ഫോണ്‍ ബന്ധം വിച്ഛേദിച്ചാണ് സ്ഥലംവിട്ടത്. തുടര്‍ന്ന് ശ്രീജ സ്വയം കാലിലെ കെട്ടഴിച്ചശേഷം ബാലചന്ദ്രനെയും മോചിപ്പിച്ചു.

കുടുംബസുഹൃത്തിനെയും തറവാട്ടുവീട്ടിലും പൊലീസിലും ബാലചന്ദ്രന്‍ വിവരം അറിയിച്ചു. ഇവരത്തെിയാണ് ദമ്പതികളെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.