എം.കെ മുനീറിനെ രൂക്ഷമായി വിമർശിച്ച്​ സുപ്രഭാതം ദിനപത്രം

കോഴിക്കോട്​: ശിവസേനയുടെ ഗണേശോല്‍സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ മുഖപ്രസംഗം. മുനീര്‍ ഫാസിസത്തിന് വിധേയപ്പെട്ടെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സി.എച്ച് മുഹമ്മദ് കോയയുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം, പിതാവിന്‍റെ പൈതൃകത്തെ ചൊല്ലിയെങ്കിലും അഭിമാനം കൊള്ളണമെന്ന് മുനീറിനോട് ആവശ്യപ്പെട്ടു.

ശിവസേനയുടെ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുനീറിന്‍റെ നടപടി ധിക്കാരപരമെന്ന് സമസ്ത കഴിഞ്ഞ ദിവസം വിമര്‍ശമുന്നയിച്ചിരുന്നു. അതിന് പിറകെയാണ് സമസ്തയുടെ മുഖപത്രത്തില്‍ മുനീറിനെ വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ ഇത്തരം ചടങ്ങുകള്‍ക്ക് മതേതര പ്രതിച്ഛായ നല്‍കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് മുഖപ്രസംഗം പറയുന്നു.

ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തില്ലെങ്കില്‍ തന്‍റെ മതേതര പ്രതിച്ഛായക്ക് കോട്ടംതട്ടുമെന്ന് ഭയക്കുന്നവര്‍ സി.എച്ച് മുഹമ്മദ് കോയയുടെ ചരിത്രം വായിക്കണം. ആരെയെങ്കിലും ഭയന്ന് അദ്ദേഹം തന്‍റെ മതവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. എന്നിട്ടും സി.എച്ചിന്‍റെ മതേതരത്വത്തില്‍ ആരും അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. പിതാവ് ആനപ്പുറത്ത് കയറിയതിന്‍റെ പാട് മക്കളുടെ ആസനത്തില്‍ ഉണ്ടാകണമെന്നില്ല. പിതാവിന്‍റെ ത്രസിപ്പിക്കുന്ന പാരമ്പര്യത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുകയെങ്കിലും വേണമെന്ന് എം കെ മുനീറിന്‍റെ പേര് പറയാതെ മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഭീകര ഗ്രൂപ്പായ ശിവസേനയുടെ വേദിയില്‍ കയറിച്ചെന്ന് ഗണേശ പ്രതിഷ്ഠയില്‍ പങ്കാളിയായ മുനീറിന്‍റെ നടപടി ഫാസിസത്തിനു വിധേയപ്പെടലാണ്. ആർ.എസ്​എസിനെ വിശ്വസിക്കരുതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സി.എച്ചിന്‍റെ ആത്മാവിനോടു ചെയ്ത അപരാധമാണത്. ഹൈന്ദവ ആചാരങ്ങളെ പൊതുസമൂഹത്തെക്കൊണ്ട് ആചരിപ്പിക്കുന്നതില്‍ സംഘപരിവാറിന് വ്യക്തമായ പദ്ധതികളുണ്ടെന്നും അത് തിരിച്ചറിയണമെന്ന് കൂടി സൂചിപ്പിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.