സ്വകാര്യബസുകളുടെ വഴിമാറിയോട്ടം നിരീക്ഷിക്കാന്‍ ഇ-ട്രാക് സംവിധാനം വരുന്നു

തിരുവനന്തപുരം: സ്വകാര്യബസുകളുടെ വഴിമാറിയോട്ടവും അമിതവേഗവുമടക്കം നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഇ-ട്രാക് സംവിധാനം ഏര്‍പ്പെടുത്തുന്നു. ജി.പി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന  സംവിധാനം ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റില്‍നിന്ന് നിരീക്ഷിക്കാവുന്ന രീതിയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റൂട്ടു മാറലും സമയംതെറ്റി ഓടുന്നതുമടക്കം പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സംവിധാനമൊരുക്കുന്നത്. സ്വകാര്യ ബസുകള്‍തന്നെയാണ് ജി.പി.എസ് വാങ്ങി സ്ഥാപിക്കേണ്ടത്. ഇന്‍റര്‍നെറ്റിന്‍െറ സഹായത്തില്‍ ബസുകളുടെ റൂട്ടും ഷെഡ്യൂള്‍ ചെയ്ത സമയക്രമവും ജി.പി.എസുമായി ബന്ധപ്പെടുത്തും. സ്റ്റോപ്പില്‍ നിര്‍ത്താതെ പോയാല്‍ പോലും പിടികൂടാവുന്നത്ര സൂക്ഷ്മമായ നിരീക്ഷണ സംവിധാനമാണ് ഇതിലൂടെ സാധിക്കുക.

ഇതിനു പുറമേ സേവനങ്ങള്‍ സുതാര്യവും അഴിമതി മുക്തവുമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പിന്‍െറ എല്ലാ ഓഫിസുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. അപകടകാരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപകട പരിശോധനാ റിപ്പോര്‍ട്ടിങ് സംവിധാനവും ഏര്‍പ്പെടുത്തും.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന്‍ സാരഥി എന്ന പേരില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ സംവിധാനം പ്രാവര്‍ത്തികമാക്കും. അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഫീസ്, നികുതി എന്നിവ അടയ്ക്കാന്‍ ഓണ്‍ലൈന്‍ വഴി സംവിധാനമൊരുക്കും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ പ്ളേറ്റ് അതീവ സുരക്ഷാമാര്‍ഗമുപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് എച്ച്.എസ്.ആര്‍.പി പദ്ധതി നടപ്പാക്കും.  

റോഡ് സുരക്ഷാ ഫണ്ട് എന്തിനെല്ലാം ഉപയോഗിക്കാമെന്ന വിഷയത്തില്‍ അവ്യക്തതയുണ്ട്. ഇതു പരിഹരിക്കുന്നതിന് റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് ചെയ്യാവുന്ന പ്രവൃത്തികള്‍ കൃത്യമായി നിര്‍ണയിക്കും. ദീര്‍ഘദൂര സ്വകാര്യ സര്‍വിസുകളുടെ അമിത ചാര്‍ജ് ഈടാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. സ്ഥിതി ഗുരുതരമാണെങ്കില്‍ പെര്‍മിറ്റടക്കം റദ്ദാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.