???? ?????

റസാഖ് ഭായിയുടെ സംഗീതം വീണ്ടും

കോഴിക്കോട്: കോഴിക്കോട്ടെ സൂഫി സംഗീതഗുരു രാഗ് അബ്ദുല്‍ റസാഖ് പതിറ്റാണ്ടുകള്‍ക്കുശേഷം പൊതുവേദിയില്‍ വീണ്ടും പാടുന്നു. ട്രാവലിങ് ആര്‍ട്ടിസ്റ്റ് കളക്ടീവും കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ഫൗണ്ടേഷനും ചേര്‍ന്ന് രാഗ് റസാഖിന് ആദരവുമായി ചൊവ്വാഴ്ച വൈകീട്ട് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കോഴിക്കോടിന്‍െറ സ്വന്തം റസാഖ് ഭായി പാടുന്നത്. കോഴിക്കോട്ടെ പഴയകാല മെഹ്ഫില്‍ ഗായകരില്‍ അവസാന കണ്ണികളിലൊരാളാണ് ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ കുറ്റിച്ചിറ മുഖദാറിലെ എ.സി. അബ്ദുല്‍ റസാഖ്.

ഹിന്ദുസ്ഥാനി രാഗങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിന് രാഗ് റസാഖ് എന്ന് പേര് നേടിക്കൊടുത്തത്. കവിതകളെഴുതി രാഗാടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തി സ്വയം ആലപിച്ചും ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചുകൊടുത്തും സജീവമായ അദ്ദേഹത്തിന്‍െറ സംഗീതജീവിതത്തില്‍ കോഴിക്കോടിന്‍െറ മെഹ്ഫില്‍ കാലം മുഴുവനുണ്ട്. തന്‍െറ കലയെ കച്ചവടത്തിനായി പകരാന്‍ തയാറാകാത്തതിനാല്‍ പുത്തന്‍ കാലത്തില്‍നിന്ന് പലരെപ്പോലെ റസാഖും മാഞ്ഞുപോയി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍െറയും എം.എസ്. ബാബുരാജിന്‍െറയും കാലത്ത് പ്രസിദ്ധിയില്‍ നിന്നകന്നുനിന്ന സംഗീതഗുരു കാല്‍നൂറ്റാണ്ടിന്‍െറ ഇടവേള അവസാനിപ്പിച്ചാണ് ഈ ഓണം-ബക്രീദ് നാളില്‍ പൊതുവേദിയില്‍ പാടുന്നത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ‘കേള്‍വിശീലുകളുടെ സാമൂഹികശാസ്ത്രം’ എന്ന പേരിലുള്ള സെമിനാറോടെയാണ് പരിപാടി തുടങ്ങുക. തുടര്‍ന്ന് ആറുമണിക്ക് രാഗ് റസാഖിന്‍െറ കലാജീവിതത്തെ മുന്‍നിര്‍ത്തി പ്രദീപ്ചെറിയാന്‍ നിര്‍മിച്ച ‘മുഖദാറിലെ മണിവിളക്ക്’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഏഴുമണിക്ക് രാഗ് റസാഖ് പാടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.