അട്ടപ്പാടിവാലി പദ്ധതി: കേരളത്തിന് നഷ്ടം കോടികള്‍

അഗളി: തമിഴ്നാടുമായുള്ള തര്‍ക്കത്തില്‍പ്പെട്ട് അട്ടപ്പാടിവാലി ജലസേചന പദ്ധതി പ്രവര്‍ത്തനം അനന്തമായി വൈകുമ്പോള്‍ കേരളത്തിന് നഷ്ടം കോടികള്‍. കാവേരി വിഹിതം പ്രയോജനപ്പെടുത്താന്‍ കേരള ജലവിഭവ വകുപ്പിന് കീഴില്‍ കണ്ണൂരിലും പാലക്കാട് അഗളിയിലും രണ്ട് പ്രോജക്ട് ഡിവിഷനുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ഇടത്തരം, ചെറുകിട ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കാനായില്ല.

അട്ടപ്പാടിവാലി ജലസേചന പദ്ധതിക്കുവേണ്ടി അഗളിയില്‍ സ്ഥാപിതമായ പ്രോജക്ട് ഡിവിഷന്‍െറ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടു മുമ്പ് 218 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തിരുന്നു. കോടികള്‍ ചെലവഴിച്ച് ഓഫിസ്, ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍, റോഡ്, കനാല്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചു. പദ്ധതിക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഒരു ഭാഗം കുടിയേറ്റ കര്‍ഷകര്‍ കൈയേറിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുക ദുഷ്കരമാണ്. ഓഫിസ് പ്രവര്‍ത്തനം നാമമാത്രമാണെങ്കിലും പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിതരായ 35ലധികം ഉദ്യോഗസ്ഥര്‍ ഇപ്പോഴും തുടരുന്നുണ്ട്.

കമ്പനി ഉപതടത്തില്‍നിന്നുമാത്രം 21 ടി.എം.സി വെള്ളം ഉപയോഗിക്കാന്‍ കേരളത്തിന് കാവേരി ട്രൈബ്യൂണല്‍ അനുവാദമുണ്ടെങ്കിലും കണ്ണൂര്‍ പ്രോജക്ട് ഡിവിഷന്‍െറ പദ്ധതികള്‍ മുഴുവന്‍ കടലാസില്‍ ഉറങ്ങുകയാണ്. 1970ല്‍ അട്ടപ്പാടിവാലി പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ നിര്‍മാണച്ചെലവായി കണക്കാക്കിയത് വെറും 4.76 കോടി രൂപയായിരുന്നു. എന്നാല്‍, പിന്നീട് കെട്ടിടങ്ങള്‍ക്കും റോഡിനും മാത്രമായി 19.5 കോടി രൂപയോളം ചെലവഴിച്ചു.

നിലവിലുള്ള നിരക്ക് പ്രകാരം 700 കോടി രൂപയാണ് ഡാമിന്‍െറ നിര്‍മാണച്ചെലവ് കണക്കാക്കുന്നതെങ്കിലും പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇത് 1000 കോടിക്ക് മീതെയത്തെുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്നാടിന്‍െറ എതിര്‍പ്പ് മറികടന്നാലും ഡാം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.