അവസാന തീയതി കഴിഞ്ഞിട്ടും വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടിടാനാവുന്നില്ല

കോഴിക്കോട്: വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും വാഹനങ്ങളുടെ ‘മരണവേഗ’ത്തിന് പൂട്ടിടാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ആയില്ല. ആഗസ്റ്റ് 31നകം നിശ്ചിത വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്ന് ഏപ്രില്‍ 30ന് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. അനുവദിച്ച നാല് മാസത്തെ കാലാവധി കഴിഞ്ഞെങ്കിലും നിരന്തരം അപകടം വരുത്തുന്ന ബസുകളോ ടിപ്പര്‍ ലോറികളോ ഇപ്പോഴും വേഗപ്പൂട്ട് ഘടിപ്പിച്ചില്ല.

രാഷ്ട്രീയ സ്വാധീനം ചെലുത്തി ഉത്തരവ് മരവിപ്പിക്കാനാണ്  ശ്രമം. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന, മുഴുവന്‍ ആര്‍.ടി.ഒമാരും പങ്കെടുക്കുന്ന യോഗത്തില്‍ വേഗപ്പൂട്ട് സംബന്ധിച്ച ഉത്തരവില്‍ മാറ്റം വരുത്താനാണ് വിവിധ വാഹന അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഹെവി വാഹനങ്ങള്‍ക്ക് പുറമെ ഓട്ടോറിക്ഷ ഒഴികെ വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങള്‍, ഒമ്പതോ അതിലധികമോ പേര്‍ യാത്ര ചെയ്യുന്ന മൂന്നര ടണ്ണിലധികം തൂക്കം വരുന്ന വാഹനങ്ങള്‍ എന്നിവയില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ നിരത്തിലിറങ്ങുന്ന ഗതാഗത വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമായിരിക്കണമെന്ന ഉപരിതല ഗതാഗതവകുപ്പിന്‍െറ നിര്‍ദേശത്തിന്‍െറ തുടര്‍ച്ചയാണിത്. ബസുകള്‍, ട്രക്കുകള്‍, മിനി ബസുകള്‍, ലോറികള്‍ തുടങ്ങിയവക്കാണ് ബാധകം.

അതേസമയം, അവസാന തീയതി കഴിഞ്ഞിട്ടും വേഗപ്പൂട്ട് സ്ഥാപിക്കാത്ത നിരവധി വാഹനങ്ങളാണ് നിരത്തിലുള്ളത്. ഉത്തരവ് പുറത്തിറങ്ങിയശേഷം മാത്രം സ്കൂള്‍ വാഹനങ്ങളും ടിപ്പറും സ്വകാര്യ ബസുമടക്കം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 30നകം ജില്ലയിലെ ആവശ്യമായ വാഹനങ്ങളിലെല്ലാം വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും അതിനുള്ള പരിശോധന കര്‍ശനമാക്കിയതായുമായിരുന്നു ആര്‍.ടി ഓഫിസ് അധികൃതര്‍ അറിയിച്ചത്.എന്നാല്‍, അവസാന തീയതി കഴിഞ്ഞപ്പോള്‍ വാഹന പരിശോധന നിലച്ചിരിക്കുകയാണ്.

വേഗപ്പൂട്ടുകളുടെ ലഭ്യതക്കുറവും അവ സ്ഥാപിക്കാനുള്ള അംഗീകൃത സ്ഥാപനങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് ആര്‍.ടി ഓഫിസ് നടപടി എടുക്കാതിരിക്കുന്നത്.  അടുത്തിടെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ പല വാഹനങ്ങളും വേഗപരിധി 60ല്‍നിന്ന് 80 ആക്കി മാറ്റിയത് ആര്‍.ടി ഓഫിസ് അധികൃതര്‍ കണ്ടത്തെിയിരുന്നു. വേഗപ്പൂട്ട് ബോധപൂര്‍വം പ്രവര്‍ത്തനരഹിതമാക്കുന്നതും പതിവാണെന്ന് അധികൃതര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.