സമരം തെറ്റായെന്ന് ഇടതുപക്ഷം തുറന്നുപറയണം –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വന്‍തോതില്‍  വര്‍ധിപ്പിച്ച  ഇടതുപക്ഷം, മുമ്പ് ഫീസിന്‍െറ പേരില്‍ നടത്തിയ സമരം തെറ്റായിപ്പോയി എന്നെങ്കിലും തുറന്നുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ വിട്ടുവീഴ്ച വേണ്ടിവരും. എന്നാല്‍,  കഴിഞ്ഞവര്‍ഷത്തെ ഫീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലണ് ഇത്തവണ. സമരം പോലെയല്ല ഭരണമെന്ന് ഇടതുനേതാക്കള്‍ക്ക് മനസ്സിലായിത്തുടങ്ങിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫിന്‍െറ കാലത്തെ  ഫീസ് ഘടനക്കെതിരെ സമരം നടത്തിയവര്‍ ഇപ്പോള്‍ ഉയര്‍ന്ന ഫീസ് അംഗീകരിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഫീസില്‍ പഠിക്കാമായിരുന്ന, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയ 250 സീറ്റും സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.  സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട സമരത്തെക്കുറിച്ച് യു.ഡി.എഫും വിദ്യാര്‍ഥിസംഘടനകളും ചേര്‍ന്ന് തീരുമാനിക്കും. പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ സി.പി.എമ്മിനെയും യു.ഡി.എഫിനെയും താരതമ്യം ചെയ്യരുത്. തങ്ങള്‍ സൃഷ്ടിപരമായ പ്രതിപക്ഷമായിരിക്കും. നല്ലകാര്യങ്ങളെ പിന്തുണക്കും. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ ആദ്യ 100 ദിവസത്തെ  വിലയിരുത്തേണ്ടത് ജനങ്ങളാണ്. പ്രതിസന്ധികളില്‍ നിശ്ചലമാവുന്ന സര്‍ക്കാറാണ് ഇപ്പോഴത്തേത്.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ  സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരനായി നിന്നു. അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിറ്റി അധ്യക്ഷനാക്കിയതാണ് കൊട്ടിഗ്ഘോഷിക്കാവുന്ന നേട്ടം. ഖജനാവില്‍നിന്ന് കോടികളുടെ വന്‍തുക ഇതിന് ചെലവഴിക്കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.