ബന്ധുനിയമനവിവാദം സി.പി.ഐയിലേക്കും

തിരുവനന്തപുരം: ബന്ധുനിയമന ആരോപണം സി.പി.ഐയിലേക്കും നീളുന്നു. റവന്യൂവകുപ്പിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റില്‍ (ഐ.എല്‍.ഡി.എം) ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ മകളുടെ ഭര്‍ത്താവ് സി. രഘുവിനെയാണ് ഐ.എല്‍.ഡി.എം ഡയറക്ടറായി നിയമിച്ചത്. വ്യവസായവകുപ്പിലെ വിവാദനിയമനം നടന്ന അതേ കാലയളവില്‍ (ഒക്ടോബര്‍ മൂന്നിന്) ഇദ്ദേഹം ചുമതലയേറ്റു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കുകയാണ് ഐ.എല്‍.ഡി.എമ്മിന്‍െറ ദൗത്യം. റവന്യൂ-സര്‍വേ വകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാവശ്യമായ പഠന-ഗവേഷണ പദ്ധതികള്‍ ഏറ്റെടുക്കുകയും ലക്ഷ്യമാണ്. സാധാരണ സര്‍വിസില്‍ തുടരുന്ന ഐ.എ.എസുകാരെയാണ് ഡയറക്ടറായി നിയമിക്കുന്നത്.

റവന്യൂവകുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കേണ്ടതിനാല്‍ ഈ രംഗത്തെ വിദഗ്ധരെവേണം നിയമിക്കേണ്ടത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന രഘുവിന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറാണ് ഐ.എ.എസ് നല്‍കിയത്. വിരമിച്ച ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് നിയമിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചത്. കാലാവസ്ഥവ്യതിയാനംമൂലം സംസ്ഥാനം ദുരിതം നേരിടുന്ന സമയത്ത് വിദഗ്ധരെ നിയമിക്കുന്നതിനുപകരം രാഷ്ട്രീയനിയമനം നടത്തുന്നത് തിരിച്ചടിയാകുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരടക്കം ചൂണ്ടിക്കാട്ടുന്നു.  
  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.