തലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. നാട്ടുകാര്‍ പിടികൂടി സ്റ്റേഷനിലത്തെിച്ച തമിഴ്നാട് സേലം ആണ്ടിപ്പേട്ട സ്വദേശി കാളിമുത്തുവിനെയാണ് (45) ലോക്കപ്പിനു പുറത്തെ വരാന്തയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. കസ്റ്റഡിമരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 4.45ഓടെ മരിച്ചതെന്നാണ് പ്രാഥമികനിഗമനം. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ നിഗമനത്തിലത്തെിയത്. ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനിലത്തെി രാവിലെ ഏഴോടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടെമ്പ്ള്‍ഗേറ്റില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച രണ്ടുപേരില്‍ ഒരാളാണ് കാളിമുത്തു. കാളിമുത്തുവിനോടൊപ്പം പൊലീസ് പിടികൂടിയ രാജു പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐയുടെ പരാതിയിലാണ് കേസ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള വയനാട് ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് തലശ്ശേരി പൊലീസ് സ്റ്റേഷനിലത്തെി. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍തന്നെ കാളിമുത്തുവിന് മര്‍ദനമേറ്റിരുന്നതായും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാളിമുത്തുവിന് മര്‍ദനമേറ്റിരുന്നില്ളെന്നും പൊലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
തലശ്ശേരിയിലും പരിസരത്തും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന കാളിമുത്തുവും രാജുവും ഒരു കേസിലും പ്രതിയായിട്ടില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു.
മജിസ്ട്രേറ്റ് അന്വേഷിക്കും
തലശ്ശേരി: തമിഴ്നാട് സ്വദേശി ലോക്കപ്പില്‍ മരണപ്പെട്ട സംഭവം വിവാദമായതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു. തലശ്ശേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്‍െറ ചുമതലയുള്ള കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് വി.കെ. സുബ്രഹ്മണ്യം നമ്പൂതിരിയാണ് അന്വേഷണത്തിനത്തെിയത്. തലശ്ശേരി പൊലീസ് സ്റ്റേഷനിലത്തെിയ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.