ആം ആദ്മി പാര്‍ട്ടി ചൂല്‍വിപ്ളവത്തിന് തുടക്കം

കോഴിക്കോട്: അഴിമതിക്കെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയും സമന്വയത്തിലൂടെ സഹിഷ്ണുത എന്ന മുദ്രാവാക്യമുയര്‍ത്തിയും ആം ആദ്മി പാര്‍ട്ടി ഒരുക്കുന്ന ചൂല്‍വിപ്ളവം 2019ന്‍െറ ഉത്തരകേരള പ്രഖ്യാപനം കോഴിക്കോട്ട് നടന്നു. ഇതോടൊപ്പം മാനുഷരൊന്ന് എന്ന പേരില്‍ സംസ്ഥാനത്തെ അമ്പതോളം സമരസംഘടനകളിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സംഗമവും സംഘടിപ്പിച്ചു.

സമരസംഗമത്തില്‍ നടന്‍ ജോയ് മാത്യു മുഖ്യാതിഥിയായി. ഹര്‍ത്താല്‍ പോലുള്ള സമരരീതികള്‍ മാറണമെങ്കില്‍ ആദ്യം ചിന്താഗതി മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ ചെറുപ്പക്കാര്‍ക്കുപോലും അനുഭാവമുണ്ടാവുന്ന തരത്തിലാണ് ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍. താന്‍ ആപ്പിന്‍െറ പ്രവര്‍ത്തകനല്ളെങ്കിലും സുതാര്യതയും മനുഷ്യനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും തന്നെ ഈ പാര്‍ട്ടിയുമായി അടുപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. സോംനാഥ് ഭാരതി ചൂല്‍വിപ്ളവം 2019ന്‍െറ പ്രഖ്യാപനം നടത്തി. നിലവിലെ രാഷ്ട്രീയ കാലാവസ്ഥക്കെതിരെ പ്രതിരോധം തീര്‍ക്കാനായി ആം ആദ്മി പാര്‍ട്ടി രാജ്യത്തെങ്ങും വ്യാപിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൂല്‍ വിപ്ളവത്തിന്‍െറ ലോഗോ പ്രകാശനവും പാര്‍ട്ടിയില്‍ ചേരാനുള്ള മിസ്കാള്‍ നമ്പര്‍ (8030636329) പ്രഖ്യാപനവും അല്‍ക്ക ലാംബ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ദേശീയ നേതാക്കളായ ദീപക് വാജ്പേയി, രജത് ഗുപ്ത, സംസ്ഥാന കമ്മിറ്റി അംഗം ഷൗക്കത്തലി ഏരോത്ത് എന്നിവര്‍ സംസാരിച്ചു. ചൂല്‍വിപ്ളവം ജനറല്‍ കണ്‍വീനര്‍ വിനോദ് മേക്കോത്ത് സ്വാഗതവും എസ്.എ. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
വിവിധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. കോഴിക്കോട്ട് മാന്‍ഹോളില്‍ രണ്ടുപേരെ രക്ഷിക്കാനിറങ്ങി ജീവത്യാഗം വരിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിന്‍െറ മാതാവ് അസ്മവിയെ പരിപാടിയില്‍ പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് വയനാടന്‍ ഗോത്രഗായക സംഘം ഒരുക്കിയ നാടന്‍ കലാവിരുന്ന്, വിവിധ കലാപ്രകടനങ്ങള്‍ എന്നിവയും അരങ്ങേറി. പ്രകടനം  ഇന്‍ഡോര്‍ സ്്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് മാനാഞ്ചിറ സ്ക്വയര്‍ ചുറ്റി കോംട്രസ്റ്റ് മൈതാനിയില്‍ സമാപിച്ചു. ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ നടപ്പാതയിലൂടെയാണ് ആയിരത്തോളം പേര്‍ പങ്കെടുത്ത പ്രകടനം മുന്നേറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.