കെ.എസ്.ആര്‍.ടി.സി: എം.ഡിയെ ഒഴിവാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി

കോട്ടയം: ഈമാസത്തെ ശമ്പളവിതരണത്തിനു നടപടി പൂര്‍ത്തിയാക്കും മുമ്പ് മാനേജിങ് ഡയറക്ടറെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതു കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയതായി ആക്ഷേപം. ശമ്പളം നല്‍കാന്‍ ബാങ്കുകളില്‍നിന്ന് വായ്പ തരപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലായപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം എം.ഡി സ്ഥാനത്തുനിന്ന് ആന്‍റണി ചാക്കോയെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നത്. ഇതോടെ നടപടി പാതിവഴിയിലാക്കി സ്ഥാനമൊഴിയാനുള്ള നടപടികളിലേക്ക് എം.ഡി പോയതോടെ ശമ്പളനടപടികള്‍ തടസ്സപ്പെട്ടുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ കോര്‍പറേഷന് നാഥനില്ലാത്ത അവസ്ഥയുമായി. പുതിയ എം.ഡി രാജമാണിക്യം വ്യാഴാഴ്ച ചുമതലയേറ്റാലും തിടുക്കത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ ശമ്പളവിതരണം കൃത്യമായി പൂര്‍ത്തീകരിക്കാനാവു. എന്നാല്‍, ബാങ്കില്‍ പണയപ്പെടുത്താനുള്ള സ്ഥാവരജംഗമസ്വത്തുക്കളുടെ പൂര്‍ണവിവരം  ശേഖരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇനിയും കഴിഞ്ഞില്ല.

എസ്.ബി.ടിയില്‍നിന്ന് 120 കോടി വായ്പയെടുക്കാനായിരുന്നു തീരുമാനം. ഏതാനും ഡിപ്പോകള്‍ പണയപ്പെടുത്തിയും എണ്ണക്കമ്പനികള്‍ക്ക് നല്‍കാനായി നീക്കിവെച്ച 34 കോടിയും ഉള്‍പ്പടെ 74 കോടി കണ്ടത്തെി ശമ്പളവും ബാക്കി പെന്‍ഷനും നല്‍കാനായിരുന്നു ശ്രമം. എന്നാല്‍, 40 കോടി മാത്രമാണ് ലഭിച്ചത്. ഇതോടെ ശമ്പളം 50 ശതമാനം ജീവനക്കാര്‍ക്കു മാത്രമായി. സ്ഥാനം ഒഴിയാന്‍ നടപടി പൂര്‍ത്തിയാക്കിയ എം.ഡി ചൊവ്വാഴ്ച സ്വകാര്യ ആവശ്യത്തിനായി പോകുകയും ചെയ്തു. പുതിയ എം.ഡി എത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന്  ആന്‍റണി ചാക്കോ ‘മാധ്യമ’ത്തോട് പറഞ്ഞു.

കോര്‍പറേഷന്‍െറ നിലവിലെ കടം ഏകദേശം  2200 കോടിയാണ്. പോയവര്‍ഷം ഇത് 1794 കോടിയായിരുന്നു. സഞ്ചിത നഷ്ടം 4000 കോടിയും. കഴിഞ്ഞവര്‍ഷം ഇത് 3991 കോടിയായിരുന്നു. എന്നാല്‍, പ്രതിമാസനഷ്ടം 70 കോടിയില്‍നിന്ന് 60-65 കോടിയാക്കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിരുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള ബാധ്യത കുമിഞ്ഞുകൂടുന്നതും പലിശയിനത്തില്‍ പ്രതിമാസം 200 കോടി നല്‍കേണ്ടി വരുന്നതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. പ്രതിമാസ വരവും ചെലവും തമ്മിലെ അന്തരം നിലവില്‍ 110 കോടിയാണ്.

ഓരോ മാസവും ഇതു വര്‍ധിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് 3700 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 80 ശതമാനവും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ പണയത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.