പിണറായിയെ അപായപ്പെടുത്തല്‍ കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ വീടിനു സമീപത്തുനിന്ന് തോക്കും കൊടുവാളും സഹിതം  നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിടിയിലായ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

 ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. പ്രഭാകരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്  തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖനെ കൊന്ന വിരോധത്തിലാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെ.മീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്‍െറ പാണ്ട്യാലമുക്കിലെ വീടിന് 85 മീറ്റര്‍ സമീപത്തത്തെിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് ഉപയോഗിച്ചാല്‍ അപകടം സംഭവിക്കുമെന്ന വിദഗ്ധ സംഘത്തിന്‍െറ ശാസ്ത്രീയമായ റിപ്പോര്‍ട്ട്,  തോക്ക്,  കൊടുവാള്‍,  പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വെടിയുണ്ടകള്‍ എന്നിവയും  മറ്റും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ എക്സപ്ളോസിവ് സബ്സ്റ്റന്‍റ്സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാല്‍ സര്‍ക്കാന്‍ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.  തൊണ്ടി മുതലായി കണ്ടെടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.  

ഈ കേസുമായി ബന്ധപ്പെട്ട് ആര്‍.എം.പി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണു, ടി.പി. ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമ, ഇവരുടെ പിതാവ് മാധവന്‍ എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ കുഞ്ഞികൃഷ്ണന് മാസങ്ങള്‍ക്കുശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു.
2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്‍െറ പിണറായി പാണ്ട്യാലമുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.