പ്രതിപക്ഷ നേതാവ്: ഹൈകമാന്‍ഡ് ഇടപെടില്ല –അനില്‍ ശാസ്ത്രി


തിരുവനന്തപുരം: കേരളത്തിലെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഹൈകമാന്‍ഡ് ഇടപെടില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി. ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രനിരീക്ഷകര്‍ എത്തുമെങ്കിലും ഹൈകമാന്‍ഡില്‍നിന്ന് ഒരു സമ്മര്‍ദവും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവിടുത്തെ നിയമസഭാകക്ഷിക്ക് പൂര്‍ണ അധികാരം നല്‍കിയതുപോലെയുള്ള നിലപാടായിരിക്കും ഇവിടെയും. നിയമസഭാകക്ഷി യോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും. ഇക്കാര്യത്തില്‍ സംസ്ഥാനനേതാക്കള്‍ തമ്മില്‍ ചില ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പുഫലം സ്വാഭാവികം മാത്രമാണ്. യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി അധികാരത്തില്‍ വരുന്നതാണ് ഇവിടുത്തെ രീതി. എന്നാല്‍, ബി.ജെ.പിയുടെ വോട്ടുശതമാനം വര്‍ധിച്ചത് ഗൗരവമായി കാണണം. അത് തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ. രാജ്യത്താകമാനം വിഭാഗീയത വളര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അത് തടയുന്നതോടൊപ്പം പ്രതിപക്ഷമെന്ന നിലയില്‍ ഇടത് സര്‍ക്കാറിന്‍െറ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും അതില്‍ ശക്തമായി പ്രതികരിക്കുകയും വേണം.

ബി.ജെ.പിക്കെതിരായ നീക്കങ്ങളുടെ മുന്‍പന്തിയില്‍ പ്രാദേശിക പാര്‍ട്ടികള്‍ വന്നത് താല്‍ക്കാലിക പ്രതിഭാസമാണ്. രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ല. കോണ്‍ഗ്രസുകാര്‍ ഈ ഘട്ടത്തില്‍ ഒന്നിച്ചുനില്‍ക്കണം. നെഹ്റു-ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പില്ല. കുടുംബവാഴ്ചയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവര്‍ നേതൃത്വത്തിലേക്ക് വരുന്നത് ഏകാധിപത്യപരമായല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ മോദിഭരണം ജനവഞ്ചനയുടെയും വാഗ്ദാന ലംഘനത്തിന്‍േറതുമാണ്. തെരഞ്ഞെടുപ്പുസമയത്ത് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷികമേഖലയിലെ വളര്‍ച്ച നെഗറ്റീവായി. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ 1.3 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ മേക് ഇന്‍ ഇന്ത്യാ പദ്ധതിയും സ്വച്ഛ് ഭാരത് അഭിയാനും തകര്‍ന്നു. മോദിയുടെ വിദേശനയവും പരാജയപ്പെട്ടു. പാകിസ്താനോട് മാത്രമാണ് താല്‍പര്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ശത്രുക്കളാകുകയാണ്. അദ്ദേഹത്തിന് ലോകം മുഴുവന്‍ സ്വീകരണം ലഭിക്കുന്നത് ഭരണനേട്ടമോ വ്യക്തിപ്രഭാവമോ മൂലമല്ല, മറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായതിനാല്‍ ആണെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.