തിരുവനന്തപുരം: എസ്.ഐ.ആറിലെ കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടത് തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ. 58828 പേരാണ് ഇവിടെ കാണാമറയത്തുള്ളത്. പട്ടികയിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലും തലസ്ഥാന ജില്ലയിലെ നഗര മണ്ഡലങ്ങൾ തന്നെ. വട്ടിയൂർകാവ്- 54,163, നേമം - 49,063, കഴക്കൂട്ടം - 43,395 എന്നിങ്ങനെയാണിത്.
മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ, ഫോം വാങ്ങാൻ വിസമ്മതിച്ചവർ എന്നീ വിഭാഗങ്ങളെയാണ് കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ കമീഷൻ ഉൾപ്പെടുത്തിയത്. ഇതിൽ മരണപ്പെട്ടവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരും ഒഴികെ മറ്റുള്ളവരുടെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം സംശയം പ്രകടിപ്പിച്ചിരുന്നു.
കണ്ടെത്താനാകാത്തവരുടെ പട്ടികയിലുള്ള 24.08 ലക്ഷത്തിൽ 16 ലക്ഷവും ഈ വിഭാഗത്തിലാണ്. ‘കണ്ടെത്താൻ സാധിക്കാത്തവർ’ എന്ന് കമീഷൻ വിധിയെഴുതിയവർ പലരും നാട്ടിൽ തന്നെയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഒപ്പം വന്നാൽ കാട്ടിത്തരാമെന്നും കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടിക വീണ്ടും സംശയമുനയിലാകുന്നത്.
140 മണ്ഡലങ്ങളിലെയും കണക്ക് താരതമ്യം ചെയ്യുമ്പോൾ ഒരോ മണ്ഡലത്തിലും ചുരുങ്ങിയത് 17142 പേരാണ് കണ്ടെത്താനാകാത്തവർ. തൃക്കാക്കര (41,984), എറണാകുളം (40,378), തൃപ്പൂണിത്തുറ (37,334), ദേവികുളം (32,339), പാലക്കാട് (32,165), പാറശ്ശാല (31,399) എന്നിങ്ങനെയാണ് കണ്ടെത്താനാകാത്തവരുടെ കാര്യത്തിലെ ആദ്യ പത്തിൽ ശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ. പത്തിൽ അഞ്ചും തിരുവനന്തപുരം ജില്ലയിലാണ്. ജില്ല തിരിച്ചുള്ള കണക്കെടുത്താൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്താണ്, 4.07 ലക്ഷം. ഏറ്റവും കുറവ് വയനാടും (37223). കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ഇതിൽ ഏറ്റവും കുറവ് മട്ടന്നൂരിലാണ്-6239. ധർമടം (6,733) പേരാവൂർ (7,100), തൃക്കരിപ്പൂർ (7,313), കൊടുവള്ളി (7,612), ഏറനാട് (7,671), വേങ്ങര (7,715), പയ്യന്നൂർ (7,788), കൂത്തുപറമ്പ് (7,827) എന്നിവയാണ് പട്ടികയിൽ പിറകിലുള്ള മറ്റ് മണ്ഡലങ്ങൾ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ്. 2,41,220 എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്ത ഇവിടെ കണ്ടെത്താനാകാത്തവർ 15,398 പേരാണ്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് കോഴിക്കോട് സൗത്തിലാണ് (1,59,953). ഇവിടെ കാണാമറയത്തുള്ളവർ 19,930 ഉം. എന്യൂമറേഷൻ ഡിസംബർ 18ന് അവസാനിച്ച സാഹചര്യത്തിൽ ഇനി ഇവർക്ക് പട്ടികയിൽ പേര് ചേർക്കണമെങ്കിൽ പുതുതായി അപേക്ഷ നൽകണം. പത്തിലേറെ പൊതു തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ 2025 എസ്.ഐ.ആറിൽ നിന്ന് പുറത്താവുകയും പുതിയ അപേക്ഷ നൽകി പേര് ചേർക്കുകയും ചെയ്യേണ്ട സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.