ഡീസല്‍ വാഹന നിയന്ത്രണം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകില്ല

തിരുവനന്തപുരം: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകില്ല. എല്ലാ വശങ്ങളും ആലോചിച്ചശേഷമേ തീരുമാനമുണ്ടാകൂവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് ഗതാഗത മേഖലയില്‍ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയടക്കം ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രിയെയും നേരിട്ട് അറിയിച്ചിരുന്നു. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവശങ്ങള്‍കൂടി പരിശോധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും അപ്പീല്‍  കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു.
ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച പ്രതിസന്ധി മറികടക്കുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നവും പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സി.സിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലും നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ ഒഴികെ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കുവരും. ഉത്തരവ് ലംഘിച്ചാല്‍ പരിസ്ഥിതി നഷ്ടപരിഹാരം എന്നനിലയില്‍ 5000 രൂപ പിഴ ഈടാക്കണം. ഇത്തരത്തില്‍ ശേഖരിക്കുന്ന തുക ആറ് കോര്‍പറേഷനുകളിലെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.