കനത്ത തോല്‍വിയുമായി ജനതാദള്‍-യു; നേമത്ത് താമര വിരിഞ്ഞ പഴി വേറെയും

കോഴിക്കോട്: മത്സരിച്ച ഏഴിടങ്ങളിലും കനത്ത തോല്‍വി വാങ്ങി ജനതാദള്‍-യു വിന് വന്‍ തിരിച്ചടി. സിറ്റിങ് എം.എല്‍.എമാരായ കൃഷി മന്ത്രി കെ.പി. മോഹനനും എം.വി. ശ്രേയാംസ് കുമാറും തോറ്റതിനൊപ്പം താമര വിരിഞ്ഞ നേമത്ത് യു.ഡി.എഫിനെ മൂന്നാം സ്ഥാനത്ത് കൊണ്ടത്തെിച്ച പഴിയും പാര്‍ട്ടിക്കായി. മുഖ്യ എതിരാളികളായ ജനതാദള്‍ -എസ് മത്സരിച്ച അഞ്ചിടങ്ങളില്‍നിന്ന് മൂന്ന് എം.എല്‍.എ മാരെ ഇത്തവണ നിയമസഭയിലത്തെിച്ചുവെന്നത് വീരേന്ദ്രകുമാര്‍ അനുയായികളുടെ ഉറക്കം കെടുത്തും.

നേമത്ത് 13,860 വോട്ട് മാത്രം കിട്ടിയ പാര്‍ട്ടി സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍പിള്ള ബി.ജെ.പിയുടെ ഒ. രാജഗോപാലിനേക്കാള്‍ 53,953 വോട്ടിനാണ് പിന്നില്‍. മന്ത്രി മോഹനന്‍ കെ.കെ. ശൈലജ ടീച്ചറോട് കൂത്തുപറമ്പില്‍ തോറ്റത് 12,291 വോട്ടിനാണ്. സി.പി.എമ്മിലെ ഇ.പി. ജയരാജന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.പി. പ്രശാന്തിനെ മട്ടന്നൂരില്‍ തോല്‍പിച്ചത് 43,381വോട്ടിന്. സംസ്ഥാനത്തുതന്നെ വലിയ ഭൂരിപക്ഷം. അമ്പലപ്പുഴയില്‍ ഷേക്ക് പി. ഹാരിസിനെ ജി. സുധാകരന്‍ തോല്‍പിച്ചത് 22,621 ഉം വോട്ടിനാണ്.

പാര്‍ട്ടിയുടെ പ്രധാന തട്ടകമായി അറിയപ്പെടുന്ന വടകരയില്‍ മുഖ്യ ശത്രുക്കളായ ജനതാദള്‍ -എസിനോട് നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ പിണഞ്ഞതും വന്‍ തോല്‍വി. സിറ്റിങ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ സി.കെ. നാണുവിനോട് പാര്‍ട്ടിയുടെ മനയത്ത് ചന്ദ്രന്‍ 9511വോട്ടിന് മുട്ടുമടക്കി. നാണു ഇവിടെ ഭൂരിപക്ഷം 9000ത്തോളമാണ് കൂട്ടിയത്. കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പൊറ്റങ്ങാടി കിഷന്‍ചന്ദ് എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രനോട് തോറ്റത് 29,057വോട്ടിനാണ്. കോഴിക്കോടിന്‍െറ ചരിത്രത്തിലെ വന്‍ ഭൂരിപക്ഷങ്ങളിലൊന്ന്. ഇതേസമയം, ജനതാദള്‍ -എസിന് സിറ്റിങ്  സീറ്റുകളായ കോവളം, അങ്കമാലി എന്നിവ നഷ്ടപ്പെട്ടു.

നാല് എം.എല്‍.എമാരുള്ളത് മൂന്നായി ചുരുങ്ങി. എങ്കിലും ജനതാദള്‍ -യുവിന്‍െറ കനത്ത തോല്‍വിക്കിടയിലും അവര്‍ക്ക് മൂന്നു സീറ്റു കിട്ടിയെന്നതാണ് പ്രധാനം. ജനതാദള്‍ -എസിന്‍െറ കെ. കൃഷ്ണന്‍ കുട്ടി ചിറ്റൂരില്‍ 7285 വോട്ടിനും തിരുവല്ലയില്‍ മാത്യു ടി. തോമസ് 8262 വോട്ടിനുമാണ് ജയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.