ചുവപ്പിലുലഞ്ഞ് യു.ഡി.എഫ്; നിലംപൊത്തിയത് നാല് മന്ത്രിമാര്‍

തിരുവനന്തപുരം: ഇടതുതരംഗത്തില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞു. നാല് മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും തോറ്റു. താമര വിരിയിക്കുക എന്ന ബി.ജെ.പി മോഹം പൂവണിഞ്ഞു. ഒ. രാജഗോപാല്‍ നേമത്ത് കാവിക്കൊടി പാറിച്ചു. ഏഴിടത്ത് ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. ചതുഷ്കോണ മത്സരത്തില്‍ മൂന്ന് മുന്നണിയെയും നിഷ്പ്രഭമാക്കി പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് കാല്‍ലക്ഷത്തിലേറെ വോട്ടിന്‍െറ വിജയം നേടി. തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയവും ഇതുതന്നെ.

എല്‍.ഡി.എഫ് -91, യു.ഡി.എഫ് -47,  ബി.ജെ.പി -1 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനായി പി.സി. ജോര്‍ജും. തകരാര്‍ വന്ന ഒരു യന്ത്രത്തിലെ വോട്ട് രാത്രി എണ്ണിയപ്പോഴാണ് വടക്കാഞ്ചേരിയില്‍ യു.ഡി.എഫിലെ അനില്‍ അക്കരക്ക് വിജയിക്കാനായത്. 11 ജില്ലയില്‍ മേല്‍ക്കൈ നേടിയ ഇടതുമുന്നണി കൊല്ലം തൂത്തുവാരി. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നൊഴികെ മുഴുവന്‍ സീറ്റും ഇടതിനാണ്. യു.ഡി.എഫില്‍ വിജയിച്ച 47 പേരില്‍ കോണ്‍ഗ്രസിന്‍െറ അംഗബലം 22 ആണ്.

കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്ന ലീഗിന് കാര്യമായ തിരിച്ചടിയില്ല. ഇവര്‍ക്ക് 18 സീറ്റില്‍  വിജയിക്കാനായി. ഒമ്പത് പേരുണ്ടായിരുന്ന മാണി ഗ്രൂപ്പിന്‍െറ അംഗസംഖ്യ ആറായി. ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റുണ്ട്. ഇടതുമുന്നണി വിജയിച്ച 91 സീറ്റില്‍ അഞ്ച് സ്വതന്ത്രര്‍ അടക്കം സി.പി.എമ്മിന് 61 അംഗങ്ങളുണ്ട്. നിലവില്‍ 44 പേരായിരുന്നു. സി.പി.ഐക്ക് 19ഉം(നിലവില്‍ 13ഉം) ജനതാദള്‍ -എസിന് മൂന്നും എന്‍.സി.പിക്ക് രണ്ടും കോണ്‍ഗ്രസ് -എസിന് ഒന്നും മുന്നണിക്ക് പുറത്തുള്ള ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് -ബി, സി.എം.പി എന്നിവര്‍ക്ക് ഓരോ സീറ്റുമുണ്ട്.  

പരാജയപ്പെട്ട 28 സിറ്റിങ് എം.എല്‍.എമാരില്‍ 24 പേരും യു.ഡി.എഫുകാരാണ്. ഇടതുമുന്നണിയുടെ നാല് സിറ്റിങ് എം.എല്‍.എമാര്‍ തോറ്റു. വി.എസ്. സുനില്‍കുമാര്‍, സി. ദിവാകരന്‍ എന്നിവര്‍ മണ്ഡലം മാറി പിമത്സരിച്ചിട്ടും വിജയം നേടി. തെരഞ്ഞെടുപ്പുവേളയില്‍ രൂപം കൊണ്ട ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിന്‍െറ പേരില്‍ കലഹിച്ച് യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പി, ജനതാദള്‍-യു, സി.എം.പി -സി.പി ജോണ്‍ വിഭാഗം, ഐ.എന്‍.എല്‍ എന്നിവര്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങി. യു.ഡി.എഫ് കോട്ടകളില്‍ ഇടതുമുന്നണി നടത്തിയ സ്വതന്ത്ര പരീക്ഷണങ്ങള്‍ കുറെയൊക്കെ വിജയം കണ്ടു. നിലമ്പൂരില്‍ പി. അന്‍വറും താനൂരില്‍ വി. അബ്ദുറഹ്മാനും കൊടുവള്ളിയില്‍ കാരാട്ട് റസാഖും വിജയിച്ചു.

ആര്‍.എസ്.പിയില്‍നിന്ന് മടങ്ങിയത്തെിയ കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരിലും കേരള കോണ്‍ഗ്രസ് -ബിയിലെ കെ.ബി. ഗണേഷ്കുമാര്‍ പത്തനാപുരത്തും ഗംഭീര വിജയം നേടി. മന്ത്രിമാരായ കെ.പി. മോഹനന്‍ കൂത്തുപറമ്പിലും കെ. ബാബു തൃപ്പൂണിത്തുറയിലും പി.കെ. ജയലക്ഷ്മി മാനന്തവാടിയിലും ഷിബു ബേബിജോണ്‍ ചവറയിലും തോല്‍വി ഏറ്റുവാങ്ങി. ത്രികോണ മത്സരത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ കാട്ടാക്കടയില്‍ തോറ്റു. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നെടുമങ്ങാട്ട് സി.പി.ഐയിലെ സി. ദിവാകരനോട് പരാജയമേറ്റുവാങ്ങി.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് അട്ടിമറിക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. തൊടുപുഴയില്‍ വിജയിച്ച മന്ത്രി പി.ജെ. ജോസഫിനാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം -45587 വോട്ട്. കുറവ് വടക്കാഞ്ചേരിയില്‍ വിജയിച്ച അനില്‍ അക്കരക്ക് -43 വോട്ട്. എട്ട് വനിതകള്‍ ഇക്കുറി വിജയം കണ്ടു. കഴിഞ്ഞ തവണ ഏഴുപേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇടതുമുന്നണിയില്‍നിന്നാണ്. യു.ഡി.എഫിലെ ഒരു വനിതപോലും വിജയിച്ചില്ല. നേമത്ത് ഒ. രാജഗോപാല്‍ 8671 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫിന്‍െറ വോട്ടുകള്‍ മറിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍പിള്ളക്ക് 13860 വോട്ട് മാത്രമാണ് കിട്ടിയത്. മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ 89 വോട്ടിന് ലീഗ് തോല്‍പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.