ഇടുക്കിയില്‍ സ്റ്റാറ്റസ്കോ

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മുന്നണികള്‍ക്ക് ‘സ്റ്റാറ്റസ്കോ’. 3:2 അനുപാതത്തില്‍ ഇടത്-ഐക്യമുന്നണികള്‍  വിജയം ആവര്‍ത്തിച്ചു.
ഇടുക്കിയില്‍ നാലാമൂഴവും വിജയം ആവര്‍ത്തിച്ച കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റ്യന്‍െറ നേട്ടത്തേക്കാളേറെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പരാജയമാണ് വിലയിരുത്തപ്പെടുക.

 ത്രികോണ മത്സര പ്രതീതി ജനിപ്പിച്ച ഇടുക്കിയില്‍ ബി.ഡി.ജെ.എസ് ന്‍െറ ബിജുമാധവന്‍ 27,403 വോട്ടുനേടി ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയെന്നത് നിഷേധിക്കാനാവില്ല. ഫോട്ടോ ഫിനിഷില്‍ 314 വോട്ടില്‍ സി.പി.ഐയിലെ ഇ.എസ്. ബിജിമോള്‍ പീരുമേട്ടില്‍ ഹാട്രിക് നേടിയതും ഇടത് സ്വതന്ത്രന്‍ റോയ് വാരിക്കാട്ടിനെ തൊടുപുഴയില്‍ നിലംപരിശാക്കി ഭൂരിപക്ഷത്തില്‍ റെക്കോഡിട്ട് പി.ജെ. ജോസഫ് നേടിയ ചരിത്ര വിജയവും ജില്ലയിലെ ഫലത്തിന്‍െറ ഹൈലൈറ്റ്സായി. 45,587 വോട്ടിന്‍െറ തകര്‍പ്പന്‍ ജയമാണ് ജോസഫ് സ്വന്തമാക്കിയത്.

തൊടുപുഴയില്‍ ബി.ഡി.ജെ.എസിലെ അഡ്വ.എസ്. പ്രവീണ്‍ 28,845 വോട്ട് നേടിയത് ഇടത് ക്യാമ്പുകളെ ഞെട്ടിച്ചു.  എം.എം. മണിയുടെ ഉടുമ്പന്‍ചോലയിലെ വിജയത്തില്‍ തെളിയുന്നത് വീറും വാശിയുമാണെങ്കില്‍ ദേവികുളത്ത്  മൂന്നാംവട്ടവും കോണ്‍ഗ്രസിലെ എ.കെ. മണിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ എസ്. രാജേന്ദ്രന്‍ മണ്ഡലത്തില്‍ അജയ്യനാണെന്ന് തെളിയിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി സജി പറമ്പത്തിന് ലഭിച്ച 21,799 വോട്ട്  ഭീഷണി ഉയര്‍ത്തിയെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ധ്രുവീകരിച്ചതാണ് മണിയെ രക്ഷിച്ചത്.   

അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരത്തിന്‍െറ ഉപോല്‍പന്നമായ പെമ്പിളൈ ഒരുമൈ കൂട്ടായ്മ രാഷ്ട്രീയ കക്ഷിയായി രൂപംകൊണ്ടതോടെ ദേവികുളം മണ്ഡലത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. കേവലം 650 വോട്ട് നേടിയ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി രാജേശ്വരിക്കും മുകളിലാണ് നോട്ട. 921പേരാണ് ഇവിടെ നിഷേധ വോട്ടിന് മുകളില്‍ വിരലമര്‍ത്തിയത്.
എ.ഐ.എ.ഡി.എം.കെ 11,613 വോട്ടുമായി നാലാം സ്ഥാനത്തത്തെിയ മണ്ഡലത്തില്‍ ബി.ജെ.പി 9592 വോട്ടുകൊണ്ട് തൃപ്തിപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.