അനില്‍ ഇക്കരത്തെന്നെ...

കോഴിക്കോട്: ഓരോ വോട്ടിന്‍െറയും വില എന്തെന്നറിയണമെങ്കില്‍ വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയോട് ചോദിക്കണം. യന്ത്രത്തകരാറുമൂലം ഒരു ബൂത്തിലെ വോട്ടെണ്ണല്‍ മുടങ്ങിയപ്പോള്‍ അനിലിന്‍െറ ഭൂരിപക്ഷം വെറും മൂന്ന് വോട്ടായിരുന്നു. ആകാംക്ഷയുടെ മണിക്കൂറുകള്‍ക്കു ശേഷം വൈകീട്ട് ഏഴരയോടെ തകരാറിലായ യന്ത്രത്തിലെ വോട്ടുകൂടി എണ്ണി കഴിഞ്ഞപ്പോള്‍ അനിലിന്‍െറ ഭൂരിപക്ഷം 43 ആയി ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് അനില്‍ തന്നെ ഉടമയായി. സി.പി.എമ്മിന്‍െറ മേരി തോമസിനെയാണ് അനില്‍ തോല്‍പ്പിച്ചത്. അനിലിന് 65535 വോട്ടു ലഭിച്ചപ്പോള്‍ മേരി തോമസ് 65492 വോട്ട് നേടി.

അതേസമയം,  മൂന്നു വോട്ടിനായിരുന്നു അനില്‍ വിജയക്കര പിടിച്ചിരുന്നതെങ്കില്‍ അത് കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡായി മാറുമായിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ ആര്‍.എസ്.പിയുടെ എ.എ. അസീസ് നേടിയ അഞ്ച് വോട്ടിന്‍െറ ഭൂരിപക്ഷമാണ് ഇതുവരെയുള്ള കുറഞ്ഞ വിജയത്തിന്‍െറ റെക്കോര്‍ഡ്.  ഇരവിപുരത്ത് ടി. അഹമ്മദ് കബീറിനെതിരെ കന്നിയങ്കത്തിനിറങ്ങിയ എ.എ. അസീസ് 21 വോട്ടിനാണ് ജയിച്ചിരുന്നത്. എന്നാല്‍, അഹമ്മദ് കബീര്‍ കേസിനു പോയപ്പോള്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അസീസിനെ അഞ്ചു വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അസീസിന് 55,638 വോട്ടും അഹമ്മദ് കബീറിന് 55,617 വോട്ടുമാണ് ലഭിച്ചിരുന്നത്. കോടതിവിധി പറയുന്നതുവരെ നൂലിഴ വിജയത്തിന്‍െറ റെക്കോഡ് കോണ്‍ഗ്രസ്-എസിന്‍െറ ടി.പി. പീതാംബരന്‍ മസ്റ്റര്‍ക്കായിരുന്നു. 16 വോട്ട്. 1982ല്‍ പള്ളുരുത്തി മണ്ഡലത്തില്‍ യു.ഡി.എഫിന്‍െറ ഈപ്പന്‍ വര്‍ഗീസിനോട് കഷ്ടിച്ചാണ് അന്ന് പീതാംബരന്‍ മാസ്റ്റര്‍ രക്ഷപ്പെട്ടത്.

ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷത്തിന്‍െറ റെക്കോഡ് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് 2006ല്‍ ജയിച്ച സി.പി.എമ്മിന്‍െറ എം. ചന്ദ്രനാണ്, 47,671. ഇക്കുറി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം അനിലിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഇടുക്കിയിലെ തൊടുപുഴ മണ്ഡലത്തില്‍നിന്ന് ജയിച്ച യു.ഡി.എഫിലെ പി.ജെ. ജോസഫിനാണ്. 45,587 വോട്ടിന്‍െറ ഭൂരിപക്ഷം.

മുന്‍കാലങ്ങളില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയിരുന്നത് മലപ്പുറം ജില്ലയിലെ ലീഗ് സ്ഥാനാര്‍ഥികളായിരുന്നെങ്കില്‍ ഇക്കുറി ആ നേട്ടം ആവര്‍ത്തിക്കാന്‍ ലീഗിനായില്ല. കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ആദ്യ മൂന്നുപേരും മലപ്പുറത്തുനിന്നായിരുന്നു. പി. ഉബൈദുല്ല  (മലപ്പുറം)-44,508, പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര)-38,237, എം.പി. അബ്ദുസ്സമദ് സമദാനി (കോട്ടക്കല്‍)-35,902 എന്നിവരായിരുന്നു മുന്നില്‍. എന്നാല്‍, ഇക്കുറി ആദ്യ അഞ്ചു സ്ഥാനക്കാരില്‍ മൂന്നുപേരും സി.പി.എമ്മുകാരാണ്. ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍)-43,381, ടി.വി. രാജേഷ് (കല്യാശ്ശേരി)-42,891, ഐഷ പോറ്റി (കൊട്ടാരക്കര)-42,632 എന്നിവരാണ് തൊട്ടടുത്ത്. ഇത്തവണ ഏഴുപേര്‍ 40,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയെന്ന പ്രത്യേകതയുമുണ്ട്.

കടുത്തുരുത്തിയില്‍ 42,256 വോട്ടിന്‍െറ ഭൂരിപക്ഷം നേടിയ മോന്‍സ് ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ രണ്ടാമത്. സി.പി.എമ്മിലെ ജയിംസ് മാത്യൂ (തളിപ്പറമ്പ്)-40,617, ബി. സത്യന്‍ (ആറ്റിങ്ങല്‍)-40,383, സി. കൃഷ്ണന്‍ (പയ്യന്നൂര്‍)-40,263 എന്നിവരാണ് ഭൂരിപക്ഷത്തിന്‍െറ കാര്യത്തില്‍ തൊട്ടുപിന്നില്‍. 2011ല്‍ പി. ഉബൈദുല്ല മാത്രമായിരുന്നു 40,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയത്. 2011ല്‍ എട്ടുപേര്‍ 30,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ എട്ടുപേര്‍ 1000ത്തില്‍ താഴെ കുറഞ്ഞ ഭൂരിപക്ഷത്തിനും വിജയിച്ചിരുന്നു. ഇത്തവണ 14 സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം 30,000ത്തിന് മുകളിലത്തെിച്ചു.

എ.എം. ആരിഫ് (അരൂര്‍)-38,519, സി. രവീന്ദ്രനാഥ് (പുതുക്കാട്)-38,478, പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര) -38,057, പിണറായി വിജയന്‍ (ധര്‍മടം)-36,905, കെ.ഡി. പ്രസേനന്‍ (ആലത്തൂര്‍)-36,060, പി. ഉബൈദുല്ല (മലപ്പുറം)-35,672, ജി.എസ്. ജയലാല്‍ (ചാത്തന്നൂര്‍)-34,407, എ.എന്‍. ഷംസീര്‍ (തലശ്ശേരി)-34,117, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം)-33,632, കെ. രാജു (പുനലൂര്‍)-33,582, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ (കയ്പമംഗലം)-33,440, ആര്‍. രാജേഷ് (മാവേലിക്കര)-31,542, ജെ. മേഴ്സിക്കുട്ടി അമ്മ (കുണ്ടറ)-30,460, തോമസ് ഐസക് (ആലപ്പുഴ)-31,032 എന്നിവരാണവര്‍.

1000ത്തില്‍ താഴെ ഭൂരിപക്ഷമുള്ള ആറ് സ്ഥാനാര്‍ഥികളാണ് ഇത്തവണ. അനില്‍ അക്കര കഴിഞ്ഞാല്‍ ഇക്കുറി 1000ത്തിനു താഴെ നൂല്‍പ്പാലം കടന്നത് പി. അബ്ദുറസാഖ് (മഞ്ചേശ്വരം)-89, ഇ.എസ്. ബിജിമോള്‍ (പീരുമേട്)-314, കാരാട്ട് റസാഖ് (കൊടുവള്ളി)-573, മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ)-579, ഐ.ബി. സതീഷ് (കാട്ടാക്കട)-849 എന്നിവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.