വിജയച്ചുവപ്പില്‍ വയല്‍നാട്

കല്‍പറ്റ: കുന്നിക്കുരുവോളം മാത്രം പ്രതീക്ഷകളുണ്ടായിരുന്ന ചുരത്തിനുമുകളില്‍ കുന്നോളം കിട്ടിയതിന്‍െറ ആവേശത്തില്‍ ഇടതുമുന്നണി. ഐക്യമുന്നണിയുടെ കോട്ടകൊത്തളങ്ങള്‍ തച്ചുതകര്‍ത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൂന്നില്‍ രണ്ടു സീറ്റും നേടി എല്‍.ഡി.എഫ് കരുത്തുകാട്ടിയപ്പോള്‍ വയല്‍നാടിന്‍െറ മണ്ണില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച പ്രകടനമായി അത്. അടിത്തറകള്‍ ഭദ്രമാണെന്ന വീമ്പുമായി ഇക്കുറിയും പിടിച്ചടക്കുമെന്ന് തുടക്കംമുതല്‍ വീരസ്യം മുഴക്കിയ കല്‍പറ്റയും മാനന്തവാടിയും ഇടത്തോട്ടുചാഞ്ഞതിന്‍െറ ഞെട്ടലിലാണ് ജില്ലയിലെ യു.ഡി.എഫ് നേതൃത്വം. വലിയൊരു വിഭാഗം കോണ്‍ഗ്രസ്, ലീഗ് അണികള്‍ മറിച്ചു വോട്ടുചെയ്തതാണ് പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ രണ്ടു അട്ടിമറികള്‍ക്ക് എല്‍.ഡി.എഫിനെ സഹായിച്ചത്.

കഴിഞ്ഞതവണ കല്‍പറ്റയില്‍ 18,169 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ യു.ഡി.എഫ്് ഇക്കുറി 13,000ത്തിലധികം വോട്ടുകള്‍ക്കാണ് വന്‍പരാജയം ഏറ്റുവാങ്ങിയത്. സിറ്റിങ് എം.എല്‍.എ എം.വി. ശ്രേയാംസ്കുമാറിനെതിരെ സി.പി.എമ്മിന്‍െറ ജനകീയനായ ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ കച്ചമുറുക്കിയതോടെ അങ്കം മുറുകുമെന്നുറപ്പായിരുന്നു. ന്യൂനപക്ഷവോട്ടുകളില്‍ കാര്യമായ അടിയൊഴുക്കുണ്ടാകുമെന്ന രാഷ്ട്രീയ നിഗമനങ്ങള്‍ ശരിവെക്കുന്ന രീതിയിലായി മത്സരഫലം. പരമ്പരാഗതമായി യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം നല്‍കുന്ന പഞ്ചായത്തുകള്‍ വരെ ഇക്കുറി തിരിഞ്ഞുകുത്തി. പ്രവാചകനിന്ദ വിഷയത്തില്‍ മുസ്ലിം വോട്ടുകളില്‍ വലിയൊരു വിഭാഗം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരായി ഭവിച്ചപ്പോള്‍, നിഷ്പക്ഷ, കന്നി വോട്ടുകളില്‍ ഭൂരിഭാഗവും മികച്ച വ്യക്തിപ്രഭാവവും പ്രവര്‍ത്തന പാരമ്പര്യവുമുള്ള ശശീന്ദ്രന് അനുകൂലമായത് വിജയത്തിന്‍െറ മാറ്റുകൂട്ടി. ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരുമടങ്ങുന്ന സാധാരണക്കാരില്‍ വലിയപങ്കും കക്ഷിഭേദമന്യേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണനല്‍കിയെന്ന് മത്സരഫലം തെളിയിക്കുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ജനതാദള്‍ സ്ഥാനാര്‍ഥിയെ കാലുവാരിയെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

12,734 വോട്ടുകള്‍ക്ക് കഴിഞ്ഞതവണ തകര്‍പ്പന്‍ വിജയംകുറിച്ച മണ്ഡലത്തിലാണ് മന്ത്രി പി.കെ. ജയലക്ഷ്മി ഇത്തവണ അപ്രതീക്ഷിതമായി കീഴടങ്ങിയത്. ജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലത്തില്‍ ജയലക്ഷ്മിക്ക് ആര്‍.എസ്.എസ് ബന്ധമാരോപിച്ച് കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ ചിലര്‍ രംഗത്തത്തെിയത് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ കാരണമായി. ന്യൂനപക്ഷ മേഖലകളില്‍ പ്രതീക്ഷിച്ച മുന്‍തൂക്കം ജയലക്ഷ്മിക്ക് കിട്ടിയില്ല. 1300 വോട്ട് നേടിയ അപരസ്ഥാനാര്‍ഥിയും ജയലക്ഷ്മിയുടെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് വോട്ടുകളും ജയലക്ഷ്മിക്കെതിരായി തിരിഞ്ഞുവെന്നത് പാര്‍ട്ടിയില്‍ ഇനി ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്. തിരുനെല്ലിയില്‍ ശക്തമായ വേരുകളുള്ളത് ഈ മേഖലയില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ഒ.ആര്‍. കേളുവിനെ സഹായിക്കുകയും ചെയ്തു.

ആളനക്കമില്ലാത്ത ഘടകകക്ഷികളെ ഒപ്പംനിര്‍ത്തിയാണ് സി.പി.എം ചുരത്തിനു മുകളില്‍ എല്‍.ഡി.എഫിനെ നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ യു.ഡി.എഫ് വോട്ടുകളില്‍ വലിയൊരുഭാഗം അടര്‍ത്തിയെടുക്കുകമാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. മത്സരം തുടങ്ങുംമുമ്പ് ജില്ലയില്‍ ഒരു സീറ്റില്‍പോലും ജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയില്ലാതിരുന്ന മുന്നണി അതിനനുസരിച്ചുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചതും. ലീഗിനെ നോവിക്കാതെയായിരുന്നു കല്‍പറ്റയിലെ പ്രചാരണ തന്ത്രങ്ങള്‍. മാനന്തവാടിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ആയുധമാക്കുന്നതില്‍ എല്‍.ഡി.എഫ് വിജയിച്ചു. എതിരാളികളേക്കാര്‍ ഒരുമാസം മുമ്പേ പ്രചാരണ രംഗത്തിറങ്ങാന്‍ കഴിഞ്ഞതും ഇടതിന് മുന്‍തൂക്കം നല്‍കി.

സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ. ജാനു എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രംഗത്തുവന്നത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍െറ വിജയം എളുപ്പമാക്കി. ജാനുവിന്‍െറ വരവോടെ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളില്‍ ഭൂരിഭാഗവും ബാലകൃഷ്ണന് അനുകൂലമായി. പരമ്പരാഗതമായി ഇടതുസ്ഥാനാര്‍ഥിക്ക് കിട്ടേണ്ട വോട്ടുകളില്‍ വലിയൊരു വിഭാഗം പിടിച്ചടക്കി 28,000ത്തോളം വോട്ടുകളുമായി ജാനു കരുത്തുകാട്ടിയപ്പോള്‍ ക്ഷീണം സംഭവിച്ചത് ഇടതുപക്ഷത്തിനാണ്. ഇടതിന് ലഭിക്കുന്ന ആദിവാസി, ഈഴവ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ ഐ.സിക്ക് ജയം ഈസിയാവുകയായിരുന്നു. ബി.ജെ.പി ജില്ലയില്‍ നില ഏറെ മെച്ചപ്പെടുത്തി. ബത്തേരിയില്‍ ജാനുവിനെ മുന്‍നിര്‍ത്തി വോട്ട് പിടിച്ചതിനുപുറമെ 2011ല്‍ 5732 വോട്ടുണ്ടായിരുന്ന മാനന്തവാടിയില്‍ ഇക്കുറി 16,230ഉം 6580 വോട്ടുണ്ടായിരുന്ന കല്‍പറ്റയില്‍ 12,938ഉം വോട്ടുകളുണ്ട്. ബത്തേരിയില്‍ കഴിഞ്ഞതവണ 8829 വോട്ടായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.