താരങ്ങളില്‍ നായകര്‍ രണ്ടുപേര്‍

കൊല്ലം: കോമഡി മുതല്‍ കണ്ണീര്‍ക്കഥ വരെ മാറി മാറി ഇലക്ഷന്‍ ഫ്രെയിമുകളില്‍ എത്തിയെങ്കിലും അവസാനം കൈയടി നേടി നായകപദവിയിലേക്കുയര്‍ന്നത് രണ്ടുപേര്‍. കൊല്ലത്ത് മുകേഷും പത്തനാപുരത്ത് ഗണേഷ്കുമാറും. കൊല്ലം ജില്ലയില്‍ ഇക്കുറി മത്സരിക്കാനിറങ്ങിയത് അഞ്ച് സിനിമാതാരങ്ങളാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും സിനിമാമേഖലയില്‍ നിന്ന് രണ്ടുപേര്‍ ഒരേസമയം സഭയിലത്തെുന്നത്.

പത്തനാപുരം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്-ബി സ്ഥാനാര്‍ഥിയായി കെ.ബി. ഗണേഷ്കുമാര്‍ നാലാംതവണയാണ് മത്സരത്തിനിറങ്ങിയത്. എതിര്‍ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് രംഗത്തിറക്കിയത് നടന്‍ ജഗദീഷിനെയായിരുന്നു. തൊട്ടുപിന്നാലെ എന്‍.ഡി.എ നടന്‍ ഭീമന്‍ രഘുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഒരു മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും സിനിമാമേഖലയില്‍  നിന്നാണെന്ന ചരിത്രത്തിനും പത്തനാപുരം സാക്ഷിയായി.

തുടര്‍ച്ചയായി നാലാംതവണ മത്സരിക്കാനിറങ്ങിയ ഗണേഷ് കഴിഞ്ഞ മൂന്ന് തവണയും യു.ഡി.എഫ് ടിക്കറ്റിലായിരുന്നു. എന്നാല്‍, മുന്നണിവിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയ ഗണേഷിനെ പത്തനാപുരത്തുകാര്‍ കൈവെടിയുമോ എന്ന ആശങ്ക കൂടിയാണ് അവസാനിച്ചത്.  2011ലെ 20,402 എന്നതില്‍ നിന്ന് ഇക്കുറി ലീഡ് 24,563 ആയി ഉയര്‍ത്തി. 74429 വോട്ട് ഗണേഷിന് കിട്ടിയപ്പോള്‍ ജഗദീഷിന്  49,867 ഉം ഭീമന്‍ രഘുവിന് 11,700ഉം വോട്ടാണ് ലഭിച്ചത്. കൊല്ലം മണ്ഡലത്തില്‍ മുകേഷ് 17611 വോട്ടിനാണ് ജയിച്ചത്.

2011ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത് 8540 വോട്ടിന്‍െറ ഭൂരിപക്ഷത്തിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സൂരജ് രവിക്ക് 45492വോട്ടാണ് ലഭിച്ചത്്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും നടനുമായ കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുണ്ടറയില്‍ സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോടും പരാജയപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.