മലബാറില്‍ വ്യക്തമായ മേധാവിത്വം

കണ്ണൂര്‍: യു.ഡി.എഫിന്‍െറ തട്ടകങ്ങള്‍ ചിലത് ഉഴുതുമറിച്ച്  അഞ്ച് ജില്ലകളിലെ മേധാവിത്വത്തോടെ ഇടത് കൊടുങ്കാറ്റ് മലബാറിനെ ചുവപ്പിച്ചു.  2011ല്‍ 60 സീറ്റില്‍ 28 സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുമുന്നണി ഇക്കുറി 37ല്‍ വെന്നിക്കൊടി നാട്ടി. 32 സീറ്റില്‍ മേധാവിത്വമുണ്ടായിരുന്ന യു.ഡി.എഫിന്‍െറ സ്വാധീനമണ്ഡലം 23ലൊതുങ്ങി. 10 യു.ഡി.എഫ് മണ്ഡലങ്ങള്‍ പിടിച്ചെടുത്ത ഇടതുമുന്നണിയില്‍നിന്ന് ഒരു മണ്ഡലം തട്ടിയെടുത്തത് മാത്രമാണ് യു.ഡി.എഫിന് ആശ്വാസം. കാസര്‍കോട്ടും മഞ്ചേശ്വരത്തും രണ്ടാംസ്ഥാനം നിലനിര്‍ത്തിയ ബി.ജെ.പി പാലക്കാട് ജില്ലയില്‍ മലമ്പുഴയിലും പാലക്കാട്ടും രണ്ടാം സ്ഥാനത്തുയര്‍ന്ന് ഇരുമുന്നണികളെയും ഞെട്ടിച്ചു.

മലബാറില്‍ മത്സരിച്ച എട്ട് മന്ത്രിമാരില്‍ മാനന്തവാടിയില്‍ പി.കെ. ജയലക്ഷ്മിയും കൂത്തുപറമ്പില്‍ കെ.പി. മോഹനനും തോറ്റു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്തുനിന്ന് 36,905 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ചു. വി.എസ്. അച്യുതാനന്ദന്‍ മലമ്പുഴയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍(യു)വിന്‍െറ രണ്ട് സിറ്റിങ് സീറ്റും നഷ്ടമായി.

കാസര്‍കോട് ജില്ലയില്‍ ഇടതുമുന്നണി മൂന്നും യു.ഡി.എഫ് രണ്ടും സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരത്തും കാസര്‍കോടും ശക്തമായ മുന്നേറ്റം നടത്തിയാണ് ബി.ജെ.പി  തോല്‍വി സമ്മതിച്ചത്.  കേരളത്തിലെ തരംഗത്തിനിടയിലും ഉദുമയില്‍  സി.പി.എം സ്ഥാനാര്‍ഥി കെ. കുഞ്ഞിരാമന്‍െറ ഭൂരിപക്ഷം മൂവായിരമായി കുറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ പതിനൊന്ന് സീറ്റില്‍ എട്ടും നേടിയാണ് ഇടതുമുന്നണി ശക്തി തെളിയിച്ചത്. കോണ്‍ഗ്രസിന്‍െറ പരമ്പരാഗത മണ്ഡലമായ കണ്ണൂര്‍ പിടിച്ചെടുക്കുയും  കൂത്തുപറമ്പ് തിരിച്ചുപിടിക്കുകയും ചെയ്തു. കണ്ണൂരില്‍ മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൂത്തുപറമ്പില്‍  കെ.കെ. ശൈലജയും ചരിത്ര വിജയം നേടി. ഇഞ്ചോടിഞ്ച് മത്സരം നടന്ന അഴീക്കോട് മണ്ഡലത്തില്‍  നികേഷ്കുമാറിനെ രംഗത്തിറക്കി പിടിച്ചെടുക്കാനുള്ള ഇടതുതന്ത്രം പാളി. അവിടെ കെ.എം ഷാജി നിലനിര്‍ത്തി.

വയനാട് ജില്ലയിലെ മൂന്ന് സിറ്റിങ് സീറ്റില്‍ രണ്ടിലും യു.ഡി.എഫ് തോറ്റു. മാനന്തവാടിയും കല്‍പറ്റയും ഇടതുമുന്നണി പിടിച്ചെടുത്തപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ മികച്ച വിജയമാണ് നേടിയത്. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി നഷ്ടപ്പെട്ടപ്പോള്‍ കൊടുവള്ളിയും തിരുവമ്പാടിയും പിടിച്ചെടുത്ത് 13ല്‍ 11 സീറ്റും നേടി ഇടതുമുന്നണി ആധിപത്യം നിലവിലുള്ളതില്‍നിന്ന് മെച്ചപ്പെടുത്തി. കുറ്റ്യാടിയില്‍ സിറ്റിങ് എം.എല്‍.എ കെ.കെ. ലതികയെ തോല്‍പിച്ച  പാറക്കല്‍ അബ്ദുല്ലയുടെ പ്രകടനം  ഇടതു കാറ്റിനിടയില്‍ ആശ്വാസമായി.  

മലപ്പുറത്ത് പാരമ്പര്യമുള്ള രണ്ടു സീറ്റുകളാണ് യു.ഡി.എഫിന് നഷ്ടമായത്.  നിലമ്പൂരില്‍ ആര്യാടന്‍െറ പുത്രന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വിജയിച്ചു. മുസ്ലിംലീഗിന്‍െ കോട്ടയെന്നറിയപ്പെടുന്ന താനൂരില്‍ സിറ്റിങ് എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ എന്‍.എസ്.സിയുടെ വി. അബ്ദുറഹ്മാന്‍ 4918 വോട്ടിന് മറിച്ചിട്ടത് മലപ്പുറത്തെ ഞെട്ടിച്ചു. പാലക്കാട് ജില്ലയില്‍ സംഘ്പരിവാര്‍ ശക്തമായ  മുന്നേറ്റം നടത്തിയതിന്‍െറ ജനവിധിയാണ് പുറത്തുവന്നത്.  രണ്ടിടങ്ങളില്‍ ഇവിടെ എന്‍.ഡി.എ രണ്ടാംസ്ഥാനത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.