മധ്യകേരളത്തിലും ഇടതു മുന്നേറ്റം

കോട്ടയം: ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ മധ്യകേരളവും യു.ഡി.എഫിനെ കൈവിട്ടു. എന്നാല്‍, ഇടതുകൊടുങ്കാറ്റില്‍ യു.ഡി.എഫ് കോട്ടകള്‍ പലതും നിലംപരിശായിട്ടും കോട്ടയം യു.ഡി.എഫിനെ കൈവിട്ടില്ല. മധ്യകേരളത്തിലെ നാലു ജില്ലകളിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിട്ടും കോട്ടയത്തിന്‍െറ കോട്ടയില്‍ യു.ഡി.എഫ് സുരക്ഷിതമായി. ഇടതുമുന്നണിയുടേതടക്കം പുറത്തുവന്ന പ്രവചനങ്ങള്‍ തെറ്റിയ ഏകജില്ലയും കോട്ടയമാണ്. അതേസമയം, പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോര്‍ജിന്‍െറ ഐതിഹാസിക വിജയം ഇരുമുന്നണിയെയും ഞെട്ടിച്ചു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കോട്ടയത്ത് യു.ഡി.എഫിന്‍െറ ഭൂരിപക്ഷം ഗണ്യമായി കുറച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും സഭകളും കര്‍ഷക സംഘടനകളും ഇടത് അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം മധ്യകേരളത്തില്‍ പിടിച്ച വോട്ടുകളെല്ലാം യു.ഡി.എഫിന് തിരിച്ചടിയായി. പല മണ്ഡലങ്ങളിലും 15,000 മുതല്‍ 30,000ത്തിലധികംവരെ വോട്ടാണ് ബി.ജെ.പി നേടിയത്.

തൃശൂരില്‍ 13ല്‍ 12ഉം ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ എറണാകുളത്ത് 14ല്‍ ഒമ്പതും കോട്ടയത്ത് ഒമ്പതില്‍ ആറും യു.ഡി.എഫിനൊപ്പം നിലകൊണ്ടു. കോട്ടയത്ത് ഇടതുമുന്നണി രണ്ട് സീറ്റ് നിലനിര്‍ത്തി. പത്തനംതിട്ടയില്‍ അഞ്ചില്‍ നാലും ഇടുക്കിയില്‍ അഞ്ചില്‍ മൂന്നും എല്‍.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. തൃശൂരാണ് യു.ഡി.എഫിന് കനത്ത തിരിച്ചടി നല്‍കിയത്. എറണാകുളത്ത് യു.ഡി.എഫ് സീറ്റ് 11ല്‍നിന്ന് ഒമ്പതായി ചുരുങ്ങി.

മധ്യകേരളത്തില്‍ യു.ഡി.എഫിന് ഒമ്പത് സീറ്റിന്‍െറ നഷ്ടമാണുണ്ടായത്. അഞ്ച് ജില്ലകളിലായി 46 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് 28ഉം എല്‍.ഡി.എഫിന് 18ഉം സീറ്റാണ് ഉണ്ടായിരുന്നത്. ഇടത് ഇക്കുറി ഇത്  27 സീറ്റാക്കി.  18 സീറ്റ് നേടി യു.ഡി.എഫ് മധ്യകേരളത്തില്‍ മാനം കാത്തു. പത്തനംതിട്ടയില്‍ ആറന്മുള യു.ഡി.എഫിന് നഷ്ടമായപ്പോള്‍ മന്ത്രി അടൂര്‍ പ്രകാശ് കോന്നിയില്‍ മികച്ച വിജയം കണ്ടു. ഇടുക്കിയില്‍ മന്ത്രി പി.ജെ. ജോസഫും റോഷി അഗസ്റ്റിനും സീറ്റ് നിലനിര്‍ത്തി.

അതേസമയം, തെരഞ്ഞെടുപ്പ് വേളയില്‍ കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസുമായി രംഗത്തത്തെിയ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയായി. തിരുവനന്തപുരം, ചങ്ങനാശേരി, ഇടുക്കി, പൂഞ്ഞാര്‍ അടക്കം നാലിടത്തും അവര്‍ക്കു നേരിട്ടത് ദയനീയ പരാജയം.
യു.ഡി.എഫ് നായകരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും അടൂര്‍ പ്രകാശും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ. ബാബു തൃപ്പൂണിത്തുറയില്‍ 5000ത്തില്‍ താഴെ വോട്ടുകള്‍ക്ക് ഇടതുമുന്നണിയുടെ എം. സ്വരാജിനു മുന്നില്‍ അടിയറവ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്‍െറ സാന്നിധ്യം കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമായി ഒതുങ്ങിയെന്നതും ശ്രദ്ധേയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ മത്സരിച്ച് ഒമ്പതിടത്ത് ജയിച്ച പാര്‍ട്ടിക്ക് ഇത്തവണ ആറ് സീറ്റ് മാത്രം. തൃശൂരില്‍ മാണി ഗ്രൂപ്പിന്‍െറ ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനും ഇടത് കൊടുങ്കാറ്റില്‍ വീണു. പാലായില്‍ കെ.എം. മാണി  4703 വോട്ട് അധികം നല്‍കി മാണിയെ വിജയിപ്പിച്ചു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.