ചോരാതെ നെടുങ്കോട്ട; തിളങ്ങി പി.സി. ജോര്‍ജ് ഉമ്മന്‍, ചാണ്ടിയുടെയും മാണിയുടെയും ഭൂരിപക്ഷം കുറഞ്ഞു

കോട്ടയം: പൂഞ്ഞാറിലെ പി.സി. ജോര്‍ജിന്‍െറ അദ്ഭുത വിജയം മാറ്റിനിര്‍ത്തിയാല്‍ കോട്ടയം ജില്ലയില്‍ കണ്ടത് 2011ന്‍െറ ആവര്‍ത്തനം. യു.ഡി.എഫിന്‍െറ നെടുങ്കോട്ടയായി ജില്ല ഇത്തവണയും നിലയുറപ്പിച്ചു. കഴിഞ്ഞ തവണത്തേതുപോലെ രണ്ട് സീറ്റില്‍ ഇടതുപക്ഷം ഒതുങ്ങി.
ഒമ്പത് സീറ്റുകളില്‍ ആറിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചത്. യു.ഡി.എഫില്‍ കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകള്‍ കേരള കോണ്‍ഗ്രസും വിജയിച്ചു. ഏറ്റുമാനൂര്‍ സി.പി.എമ്മും വൈക്കം സി.പി.ഐയും നിലനിര്‍ത്തി. സംസ്ഥാനം ഉറ്റുനോക്കിയ പാലായില്‍ രാഷ്ട്രീയ കേരളത്തിലെ അതികായന്‍ കെ.എം. മാണിയും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജയിച്ചു കയറി.

സിറ്റിങ് എം.എല്‍.എമാരെല്ലാം ജയിച്ച കോട്ടയത്ത് വൈക്കത്തെ എല്‍.ഡി.എഫ് വിജയി സി.കെ. ആശയാണ് ഏകപുതുമുഖം. ചതുഷ്കോണമത്സരം നടന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് അട്ടിമറിവിജയം നേടി. സി.പി.എമ്മും കോണ്‍ഗ്രസും തോല്‍പിക്കാന്‍ ആഞ്ഞുപിടിച്ചിട്ടും ജനവികാരം സിറ്റിങ് എം.എല്‍.എ കൂടിയായിരുന്ന ജോര്‍ജിനൊപ്പം നിന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ ജോര്‍ജിന്‍െറ ഭൂരിപക്ഷം 15,704 വോട്ടായിരുന്നെങ്കില്‍ ഒറ്റയാന്‍ പോരാട്ടത്തില്‍ സ്വന്തമാക്കിയത് 27,821 വോട്ട്. കഴിഞ്ഞ തവണ 3579 വോട്ട് നേടിയ എസ്.ഡി.പി.ഐ ഇത്തവണ ജോര്‍ജിനെ പിന്തുണക്കുകയായിരുന്നു. ഇടത്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിനെക്കാള്‍ കൂടുതലാണ് പി.സിയുടെ ഭൂരിപക്ഷം.
അട്ടിമറിയുണ്ടാകുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങളുണ്ടായ പാലാ, മാറിമറിയലുകള്‍ക്കൊടുവില്‍ 13ാം തവണയും കെ.എം. മാണിക്കൊപ്പം നിലകൊണ്ടു. എന്നാല്‍, കഴിഞ്ഞ വര്‍ഷം 5259 വോട്ടുകളായിരുന്ന ഭൂരിപക്ഷം 4703 വോട്ടായി കുറഞ്ഞു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷവും കുറഞ്ഞു. കഴിഞ്ഞതവണ 33,255 ന്‍െറ ഭരിപക്ഷം  ഇത്തവണ 27,092 ആയി. കോട്ടയത്ത് മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എല്‍.ഡി.എഫിലെ റെജി സഖറിയയെ 33,632 വോട്ടിന് പരാജയപ്പെടുത്തി. കടുത്ത മത്സരം നടന്ന ചങ്ങനാശേരിയില്‍ 1849 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ  സി.എഫ്. തോമസ് മണ്ഡലം നിലനിര്‍ത്തി. പിടിച്ചെടുക്കാന്‍ കഴിയുമെന്ന് എല്‍.ഡി.എഫ് ഉറച്ചു വിശ്വസിച്ചിരുന്ന മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വോട്ടില്‍ തട്ടിമറിയുകയായിരുന്നു.

  ഏറ്റുമാനൂരില്‍ സിറ്റിങ് എം.എല്‍.എ സുരേഷ്കുറുപ്പ് മണ്ഡലം നിലനിര്‍ത്തി.  സിറ്റിങ് എം.എല്‍.എ മോന്‍സ് ജോസഫ് 42,256 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കടുത്തുരുത്തി നിലനിര്‍ത്തി. ഇടതുകോട്ടയായ വൈക്കത്ത് എല്‍.ഡി.എഫ് മേധാവിത്തത്തിന് ഇത്തവണയും ഇളക്കമുണ്ടായില്ല. കന്നി മത്സരത്തിനിറങ്ങിയ എല്‍.ഡി.എഫിലെ സി.കെ. ആശ 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയത്. എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ വോട്ടുകളില്‍ വര്‍ധനയുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.