മ്ള്ളാനതയില്‍ മുങ്ങി കണിച്ചുകുളങ്ങര

ആലപ്പുഴ: തോല്‍വിയുടെ കാര്‍മേഘങ്ങള്‍ ഒന്നൊന്നായി അനാവരണം ചെയ്യുമ്പോള്‍ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ നിരാശയുമായി നിമിഷങ്ങള്‍ തള്ളിനീക്കി വെള്ളാപ്പള്ളി നടേശന്‍.  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുപ്പ് ഫലം ആഹ്ളാദത്തിന് വകനല്‍കിയില്ല.  വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ബി.ജെ.പി-ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ നിന്ന മണ്ഡലങ്ങളിലെല്ലാം ദിവസങ്ങളോളം പ്രചാരണം നടത്തിയത് വെറുതെയായി.  യു.ഡി.എഫിന്‍െറ പരാജയത്തിന് കാരണം വി.എം. സുധീരന്‍െറ നടപടികളാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു. ഇടതുപക്ഷ വിജയം  ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൊണ്ടാണെന്നും പറഞ്ഞു.  ബി.ജെ.പിയില്‍നിന്ന് ഒരാള്‍ വിജയിച്ചത് നല്ല വിജയമാണ്.

പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്‍െറയും സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്ത് എത്തിയത് ചെറിയ കാര്യമല്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. വലിയ ആള്‍ക്കൂട്ടമൊന്നും കണിച്ചുകുളങ്ങരയിലെ വീട്ടില്‍ ഉണ്ടായില്ല. പിന്നീട് വിശ്രമിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വെള്ളാപ്പള്ളി മാധ്യമങ്ങളില്‍നിന്ന് വിട്ടുനിന്നു.

കണിച്ചുകുളങ്ങരയിലെ വീട്ടിലിരുന്ന് അദ്ദേഹം രാവിലെ മുതല്‍ ടി.വിയിലൂടെ വരുന്ന വാര്‍ത്തകള്‍ നിരീക്ഷിച്ചു. വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍  തെക്കും വടക്കും എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന പ്രതീതി ജനിച്ചപ്പോള്‍ സന്തോഷം ഇരട്ടിയായി. എന്നാല്‍,  സ്ഥാനാര്‍ഥികള്‍ പിന്നാക്കം പോയതോടെ നിരാശ.  
 തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച ഒരുവിഷയം വെള്ളാപ്പള്ളിയുടെ വര്‍ഗീയ രാഷ്ട്രീയമായിരുന്നു. വെള്ളാപ്പള്ളി സംഘ്പരിവാറുമായി കൂട്ടുചേര്‍ന്നതിനെതിരെ വി.എസും പിണറായിയും കോടിയേരിയുമെല്ലാം ശക്തമായ പ്രചാരണം നടത്തി. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കുന്നില്ളെന്ന എല്‍.ഡി.എഫിന്‍െറ ആരോപണം യു.ഡി.എഫിനെതിരെയുള്ള കുറ്റപത്രമായി മാറുകയും ചെയ്തു.
അതേസമയം, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മൃദുസമീപനം സ്വീകരിച്ചു. വി.എം. സുധീരന്‍ മാത്രമാണ് വെള്ളാപ്പള്ളിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.