തരംഗത്തിനൊപ്പം, ചുവപ്പണിഞ്ഞ് ആലപ്പുഴ

പുന്നപ്ര വയലാറിന്‍റെ വിപ്ളവീര്യത്തിലും രക്തസാക്ഷികളുടെ ചോരയിലും കുതിർന്ന ആലപ്പുഴ ഇത്തവണയും  കേരളത്തിൽ ആഞ്ഞുവീശിയ ഇടതുതരംഗത്തിനൊപ്പം തന്നെ നിന്നു. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ എട്ടും ഇടതിനെ തുണച്ചപ്പോൾ ആഭ്യന്തര മന്ത്രിയും കോൺഗ്രസിലെ പ്രമുഖ നേതാവുമായ രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടുകാർ കൈവിട്ടില്ല.

തോമസ് ഐസക്കിന് കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി ഭൂരിപക്ഷം നൽകിക്കൊണ്ടാണ് ആലപ്പുഴ മണ്ഡലം, സിറ്റിങ് എം.എൽ.എയെ ജയിപ്പിച്ചത്. 31,032 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തോമസ് ഐസക് കോൺഗ്രസിലെ ലാലി വിൻസന്‍റിനെ തോൽപ്പിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായ രഞ്ജിത് ശ്രീനിവാസ് ഇവിടെ 18,214 വോട്ടുകൾ നേടി. കഴിഞ്ഞ തവണ അഡ്വ. പി.ജെ മാത്യവിനെ 16,342 വോട്ടുകൾക്കായിരന്നു ഐസക് തോൽപ്പിച്ചത്.

അരൂരിൽ സി.പി.എം സഥാനാർഥിയായ അഡ്വ.എ.എം ആരിഫ് കോൺഗ്രസിലെ സി.ആർ ജയപ്രകാശിനെ 38,519 വോട്ടുകൾക്ക് തോല്പ്പിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാർഥിയായ അനിയപ്പൻ നേടിയ 27,753 വോട്ടുകൾ ഈ മണ്ഡലത്തിൽ നിർണായകമായി. കഴിഞ്ഞ തവണ കോൺഗ്രസിലെ അഡ്വ.എ.എ ഷുക്കൂറിനെ 15,000ത്തിൽ പരം വോട്ടുകൾക്കായിരുന്നു ആരിഫ് പരാജയപ്പെടുത്തിയത്.   

ജി.സുധാകരൻ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അമ്പലപ്പുഴ മണ്ഡലത്തിൽ കരുത്ത് തെളിയിച്ചു. ജെ.ഡി.യുവിലെ എതിർസ്ഥാനാർഥി ഷേക്ക് പി.ഹാരിസ് 40,448 വോട്ടുകളാണ് ഇവിടെ നേടിയത്. കഴിഞ്ഞ തവണ സുധാകരനോട് പരാജയപ്പെട്ട എം. ലിജുവിന് ലഭിച്ചതിനേക്കാൾ ഏഴായിരത്തിൽപ്പരം കുറവ് വോട്ടുകളെ ഷേക്ക് പി.ഹാരിസിന് നേടാനായുള്ളൂ.

അതേസമയം, സുരക്ഷിത മണ്ഡലം തേടിപ്പോയ എം. ലിജുവിനാകട്ടെ കായങ്കുളത്ത് താരതമ്യേന പുതുമുഖമായ യു. പ്രതിഭാഹരിയോട് 11,857 വോട്ടുകൾക്ക് തോൽക്കേണ്ടി വന്നു. ബി.ഡി.ജെ.എസിന്‍റെ സ്ഥാനാർഥി ഷാജി.എം പണിക്കർക്ക് ഇവിടെ 20,000 വോട്ടുകൾ നേടാൻ കഴിഞ്ഞു. സി.പി.എമ്മിലെ എ.സദാശിവൻ കഴിഞ്ഞ തവണ കോൺഗ്രസിലെ എം. മുരളിയെ മൂവായിരത്തോളം വോട്ടുകൾക്ക് തോൽപ്പിച്ച മണ്ഡലമായിരന്നു കായങ്കുളം.

ചതുഷ്ക്കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു ചെങ്ങന്നൂർ. ഇത്തവണ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ സിറ്റിങ് എം.എൽ.എയായ പി.സി.വിഷ്ണുനാഥിന് അടിതെറ്റി.  സി.പി.എമ്മിലെ കെ.കെ.രാമചന്ദ്രൻ വിഷ്ണുനാഥിനെതിരെ 7,983 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷമാണ് നേടിയത്. ബി.ജെ.പിയുടെ കരുത്തനായ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ശക്തമായ മത്സരമാണ് കാഴ്ച വെച്ചതെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടകയായിരുന്നു. വോട്ടെണ്ണുന്ന സമയത്ത് മൂന്ന് മുന്നണികളുടേയും ലീഡ് മാറിമറിയുകയും മത്സരം പ്രവചനാതീതവുമാകുകയും ചെയ്ത സന്ദർഭങ്ങളുണ്ടായെങ്കിലും മണ്ഡലത്തിലെ വോട്ടർമാർ കെ.കെ.രാമചന്ദ്രനൊപ്പം നിൽക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തോട് പിണങ്ങി ഒറ്റക്ക് മത്സരിച്ച ശോഭന ജോർജിന് പക്ഷെ മണ്ഡലത്തിൽ നിർണായക സാന്നിധ്യമാകാൻ കഴിഞ്ഞില്ല. വെറും 3,966 വോട്ടുകൾ മാത്രമാണ് അവർക്ക് നേടാനായത്.

ജില്ലയിൽ യുഡി.എഫ് വിജയിച്ച ഏകമണ്ഡലമാണ് ഹരിപ്പാട്. സിറ്റിങ് എം.എൽ.എ രമേശ് ചെന്നിത്തല സി.പി.ഐ സ്ഥാനാർഥി പി.പ്രസാദിനേക്കാൾ 18621 വോട്ട് നേടി ഭൂരിപക്ഷം വർധിപ്പിച്ചു. കഴിഞ്ഞ തവണ സി.പി.ഐയിലെ കൃഷ്ണപ്രസാദിനെ ഏഴായിരത്തോളം വോട്ടുകൾക്കായിരുന്നു ചെന്നിത്തല തോൽപ്പിച്ചത്.   
 
ചേർത്തലയിൽ സി.പി.ഐ നേതാവും എം.എൽ.എയുമായ പി.തിലോത്തമൻ 7,196 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി എസ്.ശരത്തിനെ തോൽപ്പിച്ചു. കഴിഞ്ഞ തവണ ജെ.എസ്.എസ് നേതാവായ ഗൗരിയമ്മയെ 14,000ത്തോളം വോട്ടുകൾക്ക് പിന്തള്ളിയായരുന്നു തിലോത്തമൻ വിജയിച്ചത്.

കുട്ടനാട്ടിൽ എൻ.സി.പി നേതാവായ സിറ്റിങ് എം.എൽ.എ തോമസ് ചാണ്ടി 4,891 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ കേരള കോൺഗ്രസ് എമ്മിലെ ജേക്കബ് എബ്രഹാമിനെ തോൽപ്പിച്ചു. കേരള കോൺഗ്രസ് (ജെ) നേതാവ് ഡോ. കെ.സി ജോസഫിനെ 8,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു തോമസ് ചാണ്ടി 2011ൽ തോൽപ്പിച്ചത്.

മാവേലിക്കരയിൽ സി.പി.എമ്മിലെ ആർ.രാജേഷ് കോൺഗ്രസിലെ ബൈജു കലാശാലയേക്കാൾ 31,542 വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കി. ജില്ലയിലെ ഏക സംവരണ മണ്ഡലമായ മാവേലിക്കരയിൽ കഴിഞ്ഞ തവണ ജെ.എസ്.എസിലെ കെ.കെ. ഷാജുവിനെ അയ്യായിരത്തോളം വോട്ടുകൾക്കായിരുന്നു ആർ.രാജേഷ് തോൽപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.