കുറ്റ്യാടി നഷ്ടമായെങ്കിലും കോഴിക്കോട് ഇടതിനൊപ്പം

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് 13ൽ 10 സീറ്റും നേടിയ ഇടത് മുന്നണി ഇത്തവണയും ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ഒരു മണ്ഡലം കൂടി അധികം ലഭിച്ചപ്പോൾ  തങ്ങളുടെ കോട്ടയായ കുറ്റ്യാടിയിൽ കെ. കെ ലതിക തോൽവിയുടെ രുചിയറിഞ്ഞു. കുറ്റ്യാടിയിലെ തെരുവംപറമ്പ് ബോംബ് സ്ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും വലിയ ചർച്ചയായിരുന്നു.

വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപൂർ, തിരുവമ്പാടി, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിന്നു. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പം നിന്ന കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് തന്നെയായിരുന്നു ആദ്യം മുതല്‍ക്കേ മേല്‍ക്കൈ. ബേപ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.സി മമ്മദ് കോയ 14363 വോട്ടിനും കോഴിക്കോട് നോര്‍ത്തില്‍ സിറ്റിങ് എം.എല്‍.എയായ എ.പ്രദീപ്കുമാര്‍ 27873 വോട്ടിനും വിജയിച്ചു. കോഴിക്കോട് സൗത്തില്‍ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായിരുന്ന എം.കെ.മുനീർ 6327 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജില്ലയില്‍ യു.ഡി.എഫ് വിജയിച്ച ഏക സിറ്റിങ് സീറ്റും ഇതാണ്. അതേസമയം, മുനീർ തന്‍റെ ഭൂരിപക്ഷം വർധിപ്പിച്ച് നില മെച്ചപ്പെടുത്തി.

വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി സി.കെ.നാണുവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും തമ്മില്‍ കടുത്ത മല്‍സരമാണ് നടന്നത്. 9511 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 49211 വോട്ട് നേടിയാണ് നാണു വിജയിച്ചത്. ഇവിടെ സ്വതന്ത്രയായി മല്‍സരിച്ച കെ.കെ.രമ  മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പിക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. അതേസമയം, ആർ.എം.പിയുടെ സാന്നിധ്യം ഇടത് മുന്നണിക്ക് ഭീഷണിയായേക്കാമെന്ന ആശങ്കകൾ അസ്ഥാനത്താക്കിയാണ് മുൻ മന്ത്രി കൂടിയായ സി.കെ നാണുവിന്‍റെ വിജയം.

കുന്ദമംഗലം മണ്ഡലത്തിൽ തുടക്കത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ടി .സിദ്ദീഖും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.ടി.എ റഹീമും തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്നുവെങ്കിലും പകുതി വോട്ടുകൾ എണ്ണിയപ്പോൾ റഹീം മുന്നിലെത്തി. 11205 വോട്ടിനാണ് പി.ടി.എ റഹീം വിജയിച്ചത്. തിരുവമ്പാടിയിൽ 3008 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിന്റെ ജോര്‍ജ്ജ്.എം.തോമസും വിജയിച്ചു. ഇവിടെ മുസ്ലിം ലീഗിന്‍റെ സിറ്റിങ് സീറ്റാണ് ഇടതുമുന്നണി തിരിച്ചുപിടിച്ചത്.

കുറ്റ്യാടിയില്‍ തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ലയാണ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ അൽപസമയത്തിനു ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ലതിക ലീഡുയര്‍ത്തി. പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ്ടും മുന്നിലെത്തി. ഒടുവില്‍ 1157 വോട്ടിന്റെ ഭൂരിപക്ഷത്തില്‍  കന്നി സ്ഥാനാർഥിയായ പാറക്കല്‍ അബ്ദുല്ല വിജയിക്കുകയായിരുന്നു.

കുറ്റ്യാടി കൈവിട്ടതൊഴിച്ചാൽ തെരഞ്ഞെടുപ്പ് ഫലം ജില്ലയിൽ എൽ.ഡി.എഫിന് ആശ്വാസം നൽകുന്നതാണ്. കുന്ദമംഗലത്ത് ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബി.ജെ.പി സ്ഥാനാർഥി സി.കെ പത്മനാഭൻ 32702 വോട്ട് നേടി.

ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി യു.സി രാമന്‍റെ പരാജയം മണ്ഡലം ലീഗും കോൺഗ്രസും തമ്മിൽ വെച്ച് മാറിയതിന്‍റെ തിരിച്ചടിയായി വിലയിരുത്തുന്നുണ്ട്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.