ജെറ്റ് സന്തോഷ് വധം: രണ്ട് പേർക്ക് വധശിക്ഷ; അഞ്ച് പേർക്ക് ജീവപര്യന്തം

തിരുവനന്തപുരം: ജെറ്റ് സന്തോഷ് വധകേസിൽ രണ്ട് പേർക്ക് വധശിക്ഷ. ആറ്റുകാൽ സ്വദേശി അനിൽ കുമാർ, സോജു എന്നറിയപ്പെടുന്ന അജിത് കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി ഇന്ദിര വധശിക്ഷക്ക് വിധിച്ചത്. മറ്റ് അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

പ്രാവ് ബിനു എന്ന ബിനു കുമാർ, സുര എന്ന സുരേഷ് കുമാർ, വിളവൂർക്കൽ നിവാസികളായ കൊച്ചു ഷാജി എന്ന ഷാജി, ബിജുക്കുട്ടൻ എന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2004 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കരമനയിലെ ബാർബർ ഷോപ്പിൽ മുടി വെട്ടുകയായിരുന്ന സന്തോഷിനെ പ്രതികൾ ബലമായി കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മലയിൻകീഴ് ആലംതറകോണം കോളനിയിൽ വെച്ച് കൈയ്യും കാലും വെട്ടിമാറ്റി. വാളിയോട്ടുകോണം ചന്തക്ക് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

വിചാരണക്കിടയിൽ ജെറ്റ് സന്തോഷിന്‍റെ മാതാവ് അടക്കമുള്ള സാക്ഷികൾ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.