വടക്കന്‍ കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് 48.1മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എന്നാല്‍ വേനല്‍മഴ കുറവായതിനാല്‍ വടക്കന്‍ കേരളത്തില്‍ ഉഷ്ണതരംഗ  പ്രതിഭാസം  നിലനില്‍ക്കുന്നു. ഈമാസം അഞ്ചുമുതല്‍ 11വരെയുള്ള കണക്കുകളനുസരിച്ച് 34.4 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 48.1 മില്ലിമീറ്റര്‍ ലഭിച്ചതായി കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഇടുക്കിയിലാണ് കൂടുതല്‍ മഴ പെയ്തത്. ഇവിടെ 30.1 മില്ലിമീറ്റര്‍ കിട്ടേണ്ടിടത്ത് 93.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ഇടുക്കി, തൊടുപുഴ, പീരുമേട്, മയിലാടുംപാറ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഏഴ് സെ.മീ മുകളിലാണ് മഴ പെയ്തത്. രണ്ടാഴ്ച മുമ്പുവരെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ പാലക്കാടാണ് മഴയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. ഇവിടെ 24.5 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 64.5 മില്ലിമീറ്റര്‍ ലഭിച്ചു. ഇതുമൂലം പാലക്കാട്ടെ ചൂട് 38.9 ഡിഗ്രിയായി താഴ്ന്നു. വയനാടാണ് മൂന്നാം സ്ഥാനത്ത്. 40.3 മില്ലിമീറ്റര്‍ ലഭിക്കേണ്ട ഇവിടെ ഒരാഴ്ചകൊണ്ട് പെയ്തത് 58.1 മില്ലിമീറ്ററാണ്. തിരുവനന്തപുരം -14, മലപ്പുറം -35, എറണാകുളം -18, കൊല്ലം-22, തൃശൂര്‍-44 എന്നിങ്ങനെയാണ് വിചാരിച്ചതില്‍ കൂടുതല്‍ മഴ ലഭിച്ച ജില്ലകള്‍.

അതേസമയം, ഒട്ടും വേനല്‍ മഴ ലഭിക്കാത്തത് കാസര്‍കോടാണ്. ഇവിടെ 99ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 20.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കാലയളവില്‍ 0.5 മില്ലിമീറ്റര്‍ മാത്രമാണ് പെയ്തത്. മഴയുടെ കുറവുകാരണം നിലവില്‍ കോഴിക്കോടും കണ്ണൂരുമാണ് ഉയര്‍ന്ന ചൂട് (39.1 ഡിഗ്രി സെല്‍ഷ്യസ്). കോഴിക്കോട് 45ഉം കണ്ണൂരില്‍ 20ഉം ശതമാനത്തിന്‍െറയും കുറവാണുള്ളത്. ആലപ്പുഴ -41, കോട്ടയം-21, പത്തനംതിട്ട -5 ശതമാനം മഴ കുറവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.