സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടും മൂന്നും പ്രതികളായ പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ല (22), കണ്ണൂര്‍ സിറ്റി ആസാദ് റോഡ് കുഞ്ഞികണ്ടി വീട്ടില്‍ തസ്ലിം (37) എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രതികള്‍ ഇന്ത്യന്‍ മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളോടെയാണ് കുറ്റപത്രം.

മുഖ്യപ്രതി തടിയന്‍റവിട നസീറിനെ ഇതുവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാത്തതിനാല്‍ ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം. നസീറിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് അനുസരിച്ച് പിന്നീട് കുറ്റപത്രം നല്‍കും. 2015 ജൂണ്‍ എട്ട്, ജൂലൈ 27, ആഗസ്റ്റ് 17 എന്നീ തീയതികളില്‍ ബംഗളൂരു ജയിലില്‍ തടിയന്‍റവിട നസീറിനെ കാണാനത്തെിയപ്പോള്‍ രണ്ട്, മൂന്ന് പ്രതികളുമായി  ഒന്നാംപ്രതി  ഗൂഢാലോചന നടത്തി,  വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനും ബംഗളൂരു കേസിലെ സാക്ഷികളെ സ്വാധീനിക്കാനും നിര്‍ദേശം നല്‍കി എന്നിങ്ങനെയാണ് പൊലീസിന്‍െറ ആരോപണം.ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് ബംഗളൂരു സ്ഫോടന കേസിലെ 26ാം സാക്ഷിയായ രാമചന്ദ്രനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇന്ത്യന്‍ മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം തേടി പ്രതികള്‍ ഒന്നാം പ്രതിയുടെ നിര്‍ദേശപ്രകാരം രണ്ട് ഇ മെയിലുകള്‍ അയച്ചതായും ആരോപിക്കുന്നു.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, പ്രേരണ, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. മാസങ്ങള്‍ക്കുമുമ്പ് രണ്ടാം പ്രതി ഷഹനാസിനെ എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയതോടെയാണത്രേ വന്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT