കുട്ടനാട് പ്രസംഗം; യു.ഡി.എഫ്- ബി.ജെ.പി സഖ്യത്തിന് തെളിവെന്ന് സി.പി.എം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ കുട്ടനാട് പ്രസംഗത്തോടെ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന ആക്ഷേപത്തിന് സാധുത ലഭിച്ചെന്ന വിലയിരുത്തലില്‍ സി.പി.എം. ആറ് മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും വോട്ട് മറിക്കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിവാദ പ്രസംഗം. ഇതു പ്രചാരണത്തിന്‍െറ അവസാന മണിക്കൂറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ കടന്നാക്രമിച്ച് നേട്ടം ഉണ്ടാക്കാന്‍ സി.പി.എം ശ്രമം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യ (കോ-ലീ-ബി) ഓര്‍മകള്‍ ഉണര്‍ത്തി കൂടിയാവും ഇതിനുള്ള നടപടികള്‍.
പല മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നായിരുന്നു കുട്ടനാട് പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് മാതൃകയിലെ പ്രസംഗത്തിന് ഉമ്മന്‍ ചാണ്ടി പിന്നീട് വിശദീകരണം നല്‍കിയെങ്കിലും ‘ഭീഷണി’ നിലനില്‍ക്കുന്നുവെന്നുതന്നെയാണ് സി.പി.എം വിലയിരുത്തുന്നത്.
കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നാണ് നേതാക്കളുടെ അഭിപ്രായം. തുടര്‍ഭരണ സാധ്യതയില്ളെന്ന തിരിച്ചറിവില്‍നിന്നാണ് ബി.ജെ.പിയെ തെരഞ്ഞെടുപ്പിന്‍െറ മുഖ്യഅജണ്ടയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. ബി.ജെ.പി മുഖ്യശത്രുവായ തെരഞ്ഞെടുപ്പാണിതെന്ന പ്രതീതി ഉയര്‍ത്തി മതന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് ചായുന്നത് തടയുക എന്ന തന്ത്രമാണ് പിന്നില്‍. ഇതോടെ സി.പി.എമ്മിന് സാധ്യതയുള്ള വോട്ടുകള്‍ കൂടി മാറ്റി ദുര്‍ബലമാക്കുകയുമാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടുന്നു. എ.കെ. ആന്‍റണി, വി.എം. സുധീരന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ‘തിരുത്തി’യെങ്കിലും പ്രസംഗം ഉദ്ദേശിച്ച ഫലം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ ചാണ്ടിയെന്നും സി.പി.എം സംശയിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണിത്.
ബി.ജെ.പിക്കു വേണ്ടി നരേന്ദ്ര മോദിതന്നെ പ്രചാരണം നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സംസ്ഥാനവിരുദ്ധ നടപടി, സംഘ്പരിവാറിന്‍െറ വര്‍ഗീയ നിലപാടുകള്‍ എന്നിവയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയാണ് ബി.ജെ.പിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതെന്നും സി.പി.എം ആക്ഷേപിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍െറ പ്രതികരണം അടക്കം ആവശ്യപ്പെട്ട് വിഷയം സജീവമാക്കാനും പ്രതിരോധിക്കാനുമാണ് സി.പി.എം ലക്ഷ്യമിടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.